വാഷിങ്ടൺ: വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പു പുറത്തിറങ്ങിയതായി സൂചന. പലയിടത്തുനിന്ന് വിവിധ പതിപ്പുകൾ ഉത്ഭവിച്ചതാകാമെന്നു വിദഗ്ധർ. പുതിയ പതിപ്പുകൾക്ക് പ്രോഗ്രാമുകൾ നിർവീര്യമാക്കാനുള്ള കില്ലർ സ്വിച്ച് സംവിധാനം ഇല്ലെന്നു വിലയിരുത്തപ്പെടുന്നു. കേരളത്തിൽ പാലക്കാട് ഡിആർഎം ഓഫിസിലെ കംപ്യൂട്ടറുകളിൽ ഇന്നലെ കണ്ടെത്തിയത് വാനാക്രൈ രണ്ടാം പതിപ്പായിരുന്നു.
വാനാക്രൈയിൽ ഉപയോഗിച്ചിരിക്കുന്ന പ്രോഗ്രാമിങ് കോഡുകളുടെ സ്രഷ്ടാക്കളെന്നു കരുതുന്ന ഉത്തര കൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം മാൽവെയറുകളുടെ ഫാക്ടറിയെന്നാണ് അറിയപ്പെടുന്നത്. ഉത്തര കൊറിയയിലെ ഈ പ്രധാന ഹാക്കർ സംഘത്തിനു സർക്കാരിന്റെ പിന്തുണയുണ്ടെന്നു പറയപ്പെടുന്നു. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ശൃംഖല. ഒട്ടേറെ ഉപവിഭാഗങ്ങൾ. പോളണ്ടിലെയും ബംഗ്ലദേശിലെയും ബാങ്കുകളിൽ മാൽവെയറുകൾ കടത്തിവിട്ടതോടെ വാർത്തകളിൽ ഇടംപിടിച്ചു. ചില രാജ്യങ്ങളിൽ പ്രവർത്തനം തടസ്സപ്പെട്ടതോടെ ചെറുരാജ്യങ്ങളിലെ ചെറുബാങ്കുകളായി ലക്ഷ്യം. ലസാറസിന്റെ ഇരകൾ: ഇന്ത്യ, മെക്സിക്കോ, ഓസ്ട്രേലിയ, റഷ്യ, നോർവേ, നൈജീരിയ, പെറു, പോളണ്ട്.
ജൂൺ മുതൽ സ്മാർട്ഫോൺ, വെബ് ബ്രൗസറുകൾ, റൗട്ടറുകൾ വിൻഡോസ് 10 ഒഎസ് എന്നിവയിലെ ഗുരുതരമായ സുരക്ഷാ പിഴവുകൾ, ബാങ്കുകളുടെ സുപ്രധാന വിവരങ്ങൾ, ആണവ രഹസ്യങ്ങൾ എന്നിവ പുറത്തുവിടുമെന്ന അറിയിപ്പുമായി ഷാഡോ ബ്രോക്കേഴ്സ്. വാനാക്രൈ വികസിപ്പിക്കാൻ സഹായകമായ സുരക്ഷാ പിഴവിന്റെ വിവരങ്ങൾ യുഎസ് സുരക്ഷാ ഏജൻസിയായ എൻഎസ്എയിൽ നിന്നു ചോർത്തി പരസ്യമാക്കിയ സംഘമാണിത്. പിഴവുകൾ പുറത്തുവന്നാൽ ദൂരവ്യാപകമായ ആക്രമണങ്ങൾ ലോകമെങ്ങുമുണ്ടാകമെന്നു വിലയിരുത്തൽ.
Post Your Comments