Latest NewsNewsGulf

ദുബായി വിടുന്നതിന്‌ മുന്‍പ്‌ ഇക്കാര്യങ്ങള്‍ ഓര്‍മ്മിക്കുക

ദുബായി: ദുബായിലേക്ക്‌ എത്തുന്നതിനും ഇവിടെ താമസിക്കുന്നതിനുമായി മാസങ്ങള്‍ നീണ്ട പ്രക്രിയ നിങ്ങള്‍ക്ക്‌ പൂര്‍ത്തീകരിക്കേണ്ടിവന്നിട്ടുണ്ടാകും. അതുപോലെ തന്നെ ദുബായി വിടുന്നതിനും മുന്‍പും കുറച്ചുകാര്യങ്ങള്‍ നിങ്ങള്‍ ചെയ്‌തു തീര്‍ക്കേണ്ടതുണ്ട്‌. അല്ലാതെ ഒരു രാത്രി കൊണ്ട്‌ ചെയ്യേണ്ടതെല്ലാം പൂര്‍ത്തീകരിച്ച്‌ ഇവിടം വിടാനാണ്‌ നിങ്ങളുടെ പരിപാടിയിയെങ്കില്‍ പിന്നീട്‌ വളരെ സങ്കീര്‍ണ്ണമായ നിയമപ്രശ്‌നങ്ങളില്‍വരെ നിങ്ങളെ അതുകൊണ്ടെത്തിച്ചേക്കാം.

അതിനാല്‍ ദുബായില്‍ നിന്ന്‌ പോകുന്നതിന്‌ മുന്‍പായി ഇക്കാര്യങ്ങള്‍ ഓര്‍മിക്കുക.

കരാര്‍ തീരുന്നതിന്‌ മുന്‍പ്‌ നിങ്ങള്‍ ജോലി അവസാനിപ്പിച്ച്‌ തിരിച്ചുപോകുന്നെങ്കില്‍ ആ വിവരം കൃത്യമായി തൊഴില്‍ ഉമടയെ അറിയിച്ചിരിക്കണം. ജോലി വിട്ടുപോകുകയാണെങ്കില്‍ സ്വാഭാവികമായും നോട്ടീസ്‌ പിരീയഡില്‍ തൊഴില്‍ ഉടമയെ അറിയിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്‌. അല്ലാത്തപക്ഷം കമ്പനിക്ക്‌ നഷ്ടപരിഹാരം നല്‍കാന്‍ കരാറില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ ചെയ്യണം. നിങ്ങളുടെ കരാര്‍ തീരുകയാണെങ്കില്‍ പാസ്‌പോര്‍ട്ട്‌ കമ്പനിക്ക്‌ നല്‍കി റെസിഡന്‍സ്‌ വിസ ക്യാന്‍സല്‍ ചെയ്യിക്കണം. ഇത്‌ കൃത്യമായി ചെയ്യാത്തപക്ഷം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ നടപടികള്‍ക്കിടെ നിങ്ങളുടെ യാത്ര തടസപ്പെടും. മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ കാര്‍ഡ്‌ തൊഴില്‍ ഉടമയ്‌ക്ക്‌ തിരിച്ചുനല്‍കുന്ന കാര്യം മറക്കരുത്‌.

തൊഴില്‍ഉടമയില്‍ നിന്ന്‌ കിട്ടേണ്ട തുക കൃത്യമായി വാങ്ങുക. ഇക്കാര്യത്തില്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ ഇന്ത്യന്‍ എംബസിയെ സമീപിക്കാതെ യുഎഇ തൊഴില്‍ മന്ത്രാലയത്തെ സമീപിക്കുക.

നിങ്ങള്‍ തീര്‍ക്കാനുള്ള മുഴുവന്‍ പണ ഇടാപാടുകളും തീര്‍ത്തതിനുശേഷമേ വിമാനത്താവളത്തിലേക്ക്‌ പുറപ്പെടാവൂ. നിങ്ങളുടെ പേരില്‍ തൊഴില്‍ ഉടമ ശമ്പളം തരുന്നതിന്‌ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ടെങ്കില്‍ അതും അവസാനിപ്പിക്കുക. നിങ്ങള്‍ ബാങ്കിന്‌ പണമൊന്നും നല്‍കാനില്ലെങ്കില്‍ അപ്പോള്‍തന്നെ അക്കൗണ്ട്‌ ക്ലോസ്‌ ചെയ്യാനാകും. താമസമൊട്ടുമുണ്ടാകില്ല.

നിങ്ങള്‍ താമസിച്ചിരുന്നത്‌ വാടകവീട്ടിലായിരുന്നുവെങ്കില്‍ അതിന്റെ ഉടമയ്‌ക്ക്‌ നിയമാനുസൃതമായ നോട്ടീസ്‌ നല്‍കി ഒഴിയുകയാണെന്ന കാര്യം മുന്‍ കൂട്ടി അറിയിക്കുക. ഇതിനകം വാടക കരാര്‍ തീര്‍ന്നിരിക്കുകയാണെങ്കില്‍ താക്കോല്‍ തിരികെയേല്‍പ്പിച്ച്‌ നിങ്ങള്‍ നല്‍കിയിട്ടുള്ള ഡെപ്പോസിറ്റ്‌ തിരികെ വാങ്ങുക. നിങ്ങള്‍ക്ക്‌ സ്വന്തമായി എന്തെങ്കിലും വസ്‌തുവകകളോ കെട്ടിടങ്ങളോ ഉണ്ടെങ്കില്‍ അത്‌ വില്‍ക്കാനോ വാടകയ്‌ക്കു നല്‍കാനോ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഏജന്റുമാരെ വിവരം അറിയിക്കുക. ഏജന്റിന്‌്‌ നോട്ടറി വഴി പവര്‍ അറ്റോര്‍ണി നല്‍കിയാല്‍ നിങ്ങള്‍ പോയിക്കഴിഞ്ഞാലും നിയമപരമായി വില്‍ക്കാനോ വാടകയ്‌ക്കു നല്‍കാനോ ഏജന്റിന്‌ കഴിയും.

മൊബൈല്‍, ടിവി കേബിള്‍, ഇന്റര്‍നെറ്റ്‌, കുടിവെള്ളം, പത്രം തുടങ്ങിയ ഏജന്‍സികളുമായി ബന്ധപ്പെട്ട്‌ സേവനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം കൊടുക്കുക. ഈ സേവനങ്ങള്‍ക്ക്‌ നിങ്ങള്‍ നേരത്തെ ഇവര്‍ക്ക്‌ നല്‍കിയ മുന്‍കൂര്‍ പണം തിരികെ വാങ്ങുക.

നിങ്ങളുടെ ഫര്‍ണീച്ചറടക്കമുള്ള സാമഗ്രികള്‍ വില്‍ക്കാനായി ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകളില്‍ പരസ്യം നല്‍കുക. നിഷ്‌പ്രയാസം നിങ്ങളുടെ വില്‍പ്പന നടക്കും.

നിങ്ങളുടെ വാഹനവും ഇതുപോലെ ഓണ്‍ലൈന്‍ വഴി കച്ചവടത്തിന്‌ ശ്രമിക്കുക. നടന്നില്ലെങ്കില്‍ ഏജന്റിന്‌ പവര്‍ ഓഫ്‌ അറ്റോര്‍ണി കൊടുത്തശേഷം പോകുക.

വിമാനയാത്രയ്‌ക്ക്‌ പോകുമ്പോള്‍ നിങ്ങളുടെ കൈവശം കൂടുതല്‍ സ്യൂട്ട്‌കെയ്‌സുകള്‍ ഉണ്ടെങ്കില്‍ ഇക്കാര്യം വിമാനകമ്പനികളുടെ ശ്രദ്ധയില്‍പ്പെടുത്തി അധികം ചാര്‍ജ്‌ നല്‍കി മാത്രം കൊണ്ടുപോകുക. എല്ലാ രേഖകളുടെയും ഒറിജനല്‍ കൈയിലുണ്ടെന്ന്‌ ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം ക്ലൗഡില്‍ അപ്ലോഡ്‌ ചെയ്‌ത്‌ ആവശ്യത്തിന്‌ ഉപയോഗപ്പെടുത്താന്‍ കഴിയുന്നവിധം സൂക്ഷിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button