![](/wp-content/uploads/2017/05/20170124114158cyberbreach-1.jpg)
തിരുവനന്തപുരം: വാനാക്രൈ കംപ്യൂട്ടർ വൈറസിന്റെ ശക്തി താൽക്കാലികമായി കുറഞ്ഞു. പക്ഷെ ആക്രമണം കൂടുതൽ രൂക്ഷമാകാമെന്ന് സൈബർ ഡോം മുന്നറിയിപ്പു നൽകുന്നു. അടുത്ത ഘട്ടത്തിൽ കംപ്യൂട്ടർ ഡാറ്റയിൽ തിരിമറി നടന്നേക്കാമെന്നാണ് മുന്നറിയിപ്പ്. കൂടാതെ മൊബൈൽ ഫോണിനെ ബാധിക്കുന്ന റാൻസംവെയർ പടരാൻ സാധ്യതയുണ്ടെന്നും സൈബർ ഡോം മുന്നറിയിപ്പ് നൽകുന്നു.
നിലവിലെ വാനാക്രൈ ആക്രമണത്തിൽ കംപ്യൂട്ടർ പൂർണമായും ബന്ദിയാകുകയാണ് ചെയ്യുന്നത്. അതായത് കംപ്യൂട്ടർ ഉപയോഗിക്കുന്നയാൾക്ക് ഒരു ഡാറ്റയും ലഭിക്കില്ല. എന്നാൽ ഇതിലും വലിയ അപകടമുണ്ടാകാമെന്നാണ് സൈബർ ഡോമിന്റെ മുന്നറിയിപ്പ്. കേരളപോലീസിന്റെ സാങ്കേതിക ഗവേഷണവിഭാഗമായ സൈബർ ഡോം റാൻസംവെയർ ആക്രമണസാധ്യത മുൻകൂട്ടിക്കണ്ട് നിരീക്ഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
ബാങ്കിലെ കംപ്യൂട്ടറിലാണ് വൈറസ് ബാധിക്കുന്നതെങ്കിൽ പ്രതിദിന ഇടപാടുകളും അക്കൗണ്ട് വിവരങ്ങളും എല്ലാം ചോരാൻ സാധ്യതയുണ്ട്. വിൻഡോസിന്റെ വ്യാജപതിപ്പ് ഉപയോഗിക്കുന്നവർ എത്രയുംവേഗം ഒറിജിനൽ ഇൻസ്റ്റോൾ ചെയ്യണമെന്ന് സൈബർഡോം പറയുന്നു. സോഫ്റ്റ്‌വെയറുകൾ യഥാർഥ സൈറ്റിൽ നിന്നേ ഡൗൺലോഡ് ചെയ്യാവൂ. അപ്ഡേറ്റ് ചെയ്യുകയും വേണം. അത്പോലെ പരിചയമില്ലാത്ത വിലാസങ്ങളിൽ നിന്നുള്ള ഇമെയിലുകൾ തുറക്കാതിരിക്കാൻ ശ്രമിക്കുക. വിവരങ്ങൾ ക്ലൗഡിലോ എക്സ്റ്റേണൽ ഹാർഡ് ഡിസ്കിലോ കൂടി സൂക്ഷിക്കുന്നത് ഉചിതമാകുമെന്നും സൈബർ ഡോം നിർദേശിക്കുന്നു.
Post Your Comments