KeralaLatest NewsNews

സൗമ്യകേസ്: പോലീസിനെ വിമര്‍ശിച്ച് മന്ത്രി ബാലന്‍

പാലക്കാട്: സൗമ്യ വധക്കേസ് അന്വേഷണത്തില്‍ പോലീസിനെ വിമര്‍ശിച്ച് മന്ത്രി എ.കെ. ബാലന്‍. കേസ് ഡയറി കൈകാര്യം ചെയ്ത പോലീസ് ഗുരുതര പിഴവ് വരുത്തിയെന്ന് മന്ത്രി പറഞ്ഞു. സൗമ്യ ട്രയിനില്‍നിന്ന് ചാടി എന്നാണ് കേസ് ഡയറിയില്‍ എഴുതിയിരുന്നത്. ഇതിനു പകരം ട്രെയിനില്‍ നിന്നു സൗമ്യയെ തളളിയിട്ടുവെന്നായിരുന്നു പോലീസ് എഴുതിയിരുന്നതെങ്കില്‍ ഈ കേസില്‍ വിധി വേറൊന്ന് ആകുമായിരുന്നുവെന്ന് ബാലന്‍ പറഞ്ഞു.

തീവണ്ടിയില്‍നിന്ന് ഗോവിന്ദച്ചാമിയാണ് സൗമ്യയെ തള്ളിയിട്ടത് എന്ന് വ്യക്തമായിട്ടില്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. സൗമ്യ തീവണ്ടിയില്‍നിന്ന് ചാടിയതാകാമെന്ന നിഗമനത്തിലാണ് സുപ്രീംകോടതി എത്തിയത്. ഗോവിന്ദച്ചാമി സൗമ്യയെ ബലാത്സംഗം ചെയ്തതായും ഗുരുതരമായി പരിക്കേല്‍പ്പിച്ചതായും സുപ്രീംകോടതിയും കണ്ടെത്തിയിരുന്നു. എന്നാല്‍, കൊലക്കുറ്റം തെളിയിക്കാനായില്ല.

സൗമ്യ ചാടിയതാകാമെന്ന നിഗമനത്തിലാണ് കോടതി പ്രധാനമായും എത്തിയത്. ഇത് സൂചിപ്പിക്കുന്ന തരത്തില്‍ ട്രെയിനിലെ ഒരു ദൃക്‌സാക്ഷിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദുചെയ്ത് ജീവപര്യന്തം ആക്കിയത്.

ഇതിനെതിരേ സംസ്ഥാന സര്‍ക്കാരും കൊല്ലപ്പെട്ട സൗമ്യയുടെ അമ്മയും പുനപരിശോധന ഹര്‍ജിയും സംസ്ഥാന സര്‍ക്കാര്‍ പിന്നീട് തിരുത്തല്‍ ഹര്‍ജിയും നല്‍കിയെങ്കിലും കോടതി വിധിയില്‍ മാറ്റം വരുത്താന്‍ തയാറായില്ല.

കേസില്‍ പാലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവച്ചുകൊണ്ടാണ് നിയമമന്ത്രിയും പോലീസിനെ കുറ്റപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button