തിരുവനന്തപുരം: എംഎല്‍എക്കെതിരേയുള്ള വധഭീഷണി പരാതി പൂഴ്ത്തിയതിന്റെ പേരില്‍ പോലീസ് ആസ്ഥാനത്ത് നിന്ന് മാറ്റിയ ഉദ്യോഗസ്ഥ നേരത്തെയും നടപടി നേരിട്ടയാള്‍.
കാരാട്ട് റസാഖ് എംഎല്‍എ, തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ചാണ് നാലുമാസം മുന്‍പ് പരാതി നല്‍കിയത്. എന്നാല്‍ ഇത് അതീവരഹസ്യവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി ബ്രാഞ്ചിലെ ഉദ്യോഗസ്ഥ കുമാരി ബീന മുക്കുകയായിരുന്നു. നാലുമാസമാണ് ഫയല്‍ പൂഴ്ത്തിവച്ചത്.
തുടര്‍ന്ന് സെന്‍കുമാര്‍ ചുമതലയേറ്റയുടന്‍ ഈ പരാതിയെപ്പറ്റി പരിശോധിക്കുകയും പരാതി പൂഴ്ത്തിയ കുമാരി ബീനയെ സ്ഥലം മാറ്റുകയുമായിരുന്നു. എന്നാല്‍ ഉത്തരവ് ഇറങ്ങിയെങ്കിലും ഉദ്യോഗസ്ഥ പോലീസ് ആസ്ഥാനത്ത് തുടരുകയാണ്. ഭരണസ്വാധീനം ഉപയോഗിച്ച് ഉത്തരവ് മരവിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി സൂചനയുണ്ട്.
പോലീസ് സേനയിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിയതിനാണ് ബീനയെ മുന്‍പ് സ്ഥലം മാറ്റിയിരുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പരമാവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ സേനയില്‍ ഒരു ഒഴിവു പോലുമില്ലെന്ന ബീന തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് എ.ഡി.ജി.പി സന്ധ്യ അവതരിപ്പിച്ചിരുന്നത്.
ഇതിനെ എതിര്‍ത്ത നളിനി നെറ്റോ എസ് പി മാരില്‍ നിന്നും നേരിട്ട് ശേഖരിച്ച ഒഴിവുകളുടെ വിവരങ്ങള്‍ യോഗത്തില്‍ അക്കമിട്ട് നിരത്തുകയുണ്ടായി. ഈ സമയം ഫോണില്‍ എ.ഡി.ജി.പി സന്ധ്യ ബീനയെ വിളിച്ച് വിശദാംശം തേടിയപ്പോഴും ഇതേ മറുപടി തന്നെയാണ് ലഭിച്ചിരുന്നതത്രെ.
തുടര്‍ന്നാണ് ബീനയെ സ്ഥലം മാറ്റിയിരുന്നത്. ലോക്‌നാഥ് ബഹ്റ ഡിജിപിയായി ചുമതലയേറ്റതോടെയാണ് കുമാരി ബീനയെ തിരികെ പൊലീസ് ആസ്ഥാനത്ത് തന്നെ നിയമിച്ച് ഉത്തരവിറക്കിയത്. തുടര്‍ന്നാണ് കാരാട്ട് റസാഖിന്റെ പരാതി മുക്കിയതിന്റെ പേരില്‍ സെന്‍കുമാര്‍ ഇവരെ സ്ഥലം മാറ്റിയത്.
Post Your Comments