തിരുവനന്തപുരം : പ്രശസ്ത മലയാളം സിനിമാ നടന്‍ വിജയരാഘവന്‍ അപകടത്തില്‍ മരിച്ചെന്ന നിലയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും പ്രചരിക്കാന്‍ തുടങ്ങിയത്. ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ വിജയരാഘവന്‍ മരിച്ചു എന്ന രീതിയില്‍ അദ്ദേഹത്തിന്റെ ഫോട്ടോ ഒട്ടിച്ച ആംബുലന്‍സിന്റെ ചിത്രം സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.
വാര്‍ത്തക്കെതിരെ ഒടുവില്‍ നടന്‍ തന്നെ രംഗത്തെത്തി. വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് മറുപടി പറയുന്നതിലുള്ള ആഹ്ലാദമാണ് ഇപ്പോഴെനിക്കെന്നും അദ്ദേഹം പറഞ്ഞു. അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോ എന്ന് മകനാണ് ആദ്യം പറഞ്ഞതെന്നും വിജയരാഘവന്‍ ചിരിയോടെ പ്രതികരിച്ചു. ദിലീപ് ചിത്രം രാമലീലയിലെ ഒരു ചിത്രമാണ് വ്യാജവാര്‍ത്തയായി പ്രചരിച്ചത്.
അതേസമയം,വ്യാജവാര്‍ത്ത പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ സൈബര്‍ സെല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിജയരാഘവന്‍ തന്നെ നേരിട്ട് ഡി.ജി.പിക്ക് പരാതി നല്‍കുകയായിരുന്നു എന്നാണ് അറിയുന്നത്. നേരത്തെ ഇതുപോലെ നടന്‍മാരായ ഇന്നസെന്റ്, സലീം കുമാര്‍, മാമുക്കോയ, നടി കനക എന്നിവരുടെ വ്യാജ മരണവാര്‍ത്തയും സോഷ്യല്‍ മീഡിയ പ്രചരിച്ചിരുന്നു.
Post Your Comments