Latest NewsNewsGulf

നിതാഖാത്ത് സര്‍ക്കാര്‍ മേഖലയിലേക്കും; സൗദിയില്‍ നിന്ന് മടങ്ങേണ്ടിവരുക എഴുപതിനായിരം പേര്‍ക്ക്

റിയാദ്: സര്‍ക്കാര്‍ സര്‍വീസുകളില്‍ കൂടി സ്വദേശിവല്‍ക്കരപദ്ധതി (നിതാഖാത്ത്) നടപ്പാക്കാന്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന എഴുപതിനായിരത്തിലധികം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്.

2020 ഓടെ സര്‍ക്കാര്‍ മേഖലയിലും നിതാഖാത്ത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സ്വകാര്യമേഖലയില്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയതോടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു. ഇതില്‍ നല്ലപങ്കും മലയാളികളങ്ങുന്ന ഇന്ത്യക്കാരായിരുന്നു.

സ്വകാര്യ മേഖലയുടെ ചുവടുപിടിച്ചാണ് ഇപ്പോള്‍ പൊതുമേഖയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സൗദിയില്‍ സര്‍ക്കാര്‍ മേഖലയില്‍ 70,025 വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നത് ആരോഗ്യമന്ത്രാലയത്തിലാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫുമുള്‍പ്പെടെ 48,000 ത്തിലധികം വിദേശ ജോലിക്കാര്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നു. ഇതില്‍ നല്ലൊരു പങ്കും മലയാളികളടങ്ങുന്ന ഇന്ത്യക്കാരാണ്. പ്രത്യേകിച്ചും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും.

വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ സര്‍വീസില്‍ നിരവധി വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. പതിനാറായിരത്തിലധികം വിദേശികളാണ് സര്‍വകലാശാല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാങ്കേതിക, തൊഴില്‍ പരിശീലന കോര്‍പറേഷനുകള്‍ തുടങ്ങിയവയില്‍ അധ്യാപകരായും മറ്റ് ജീവനക്കാരായും ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിവിധ ജീവനക്കാരായി മാത്രം മൂവായിരത്തിലധികം വിദേശികളുണ്ട്.

പൊതുമേഖലയിലെ സ്വദേശിവല്‍ക്കരണത്തിനുള്ള പദ്ധതി സൗദി സിവില്‍ സര്‍വീസ് മന്ത്രാലയമാണ് നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിലെ ബോധവല്‍ക്കരണ സെമിനാറുകളും ചര്‍ച്ചകളും ആരംഭിച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button