ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ വെട്ടിച്ച് ബ്രിട്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി. ഈ കേസില്‍ സുപ്രീം കോടതിക്ക് മുന്നില്‍ ജൂലൈ 10ന് മല്യ നേരിട്ട് ഹാജരാകണമെന്നു ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ഇന്ത്യയിലെ കേസുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കോടതിയില്‍ കീഴടങ്ങിയ മല്യക്ക് അപ്പോള്‍ തന്നെ ജാമ്യം കിട്ടിയിരുന്നു. മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നിയമപ്രകാരം സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുന്നതിന് ഇടയിലാണ് സുപ്രീം കോടതി മല്യയോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടത്.
സുപ്രീം കോടതിയില്‍ ഹാജരാകാതിരുന്നാല്‍ കോടതിയലക്ഷ്യത്തില്‍ മല്യക്ക് തടവും പിഴയും വിധിച്ചേക്കും. ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മല്യക്കെതിരായ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോയത്. മല്യക്ക് 40 മില്യണ്‍ ഡോളര്‍(258 കോടി) രൂപ ഡിയാഗോയില്‍ നിന്ന് കിട്ടിയെന്നും കടം വീട്ടുന്നതിന് പകരം ഇത് വ്യവസായ ഭീമന്‍ മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നെന്നും ബാങ്കുകള്‍ പരാതിയില്‍ കോടതിയെ ബോധിപ്പിച്ചു.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി 9000 കോടിരൂപയുടെ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെയാണ് മല്യ നാടുവിട്ടത്.
മുംബൈയിലെ കോടതി യുബി ഗ്രൂപ്പ് ചെയര്‍മാനായ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു.
Post Your Comments