Latest NewsNewsInternational

കൊല്ലപ്പെടാനുള്ള സാധ്യത പറഞ്ഞ് പോപ്പ് സ്റ്റാര്‍ മൈക്കല്‍ ജാക്സന്‍ എഴുതിയ കത്തും പുറത്ത്

പോപ്പ് സ്റ്റാര്‍ മൈക്കല്‍ ജാക്സന്റെ മരണവുമായി ബന്ധപ്പെട്ട നിഗൂഢതകൾ കൂടുതൽ സങ്കീർണമായി വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് താൻ കൊല്ലപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ജാക്സൻ തനിക്ക് കത്തയച്ചിരുന്നുവെന്ന് ജാക്സന്റെ ഉറ്റ സുഹൃത്തും ജർമനൻ ബിസിനസുകാരനുമായ മൈക്കൽ ജേക്കബ്ഷാഗെൻ(34) വെളിപ്പെടുത്തലുമായി രംഗത്തെത്തി. ഇതോടെയാണ് ഇതിനുള്ള സാധ്യത ശക്തിപ്പെട്ടിരിക്കുന്നത്.

ബ്രോഡ്കാസ്റ്ററായ ഡാഫ്നെ ബരാക്കിന് ഓസ്ട്രേലിയൻ ടിവി ഷോയ്ക്ക് വേണ്ടി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ജാക്സൻ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇത് സൂചിപ്പിച്ച് തന്നെ വിളിച്ചിരുന്നുവെന്നും ജേക്കബ്ഷാഗെൻ വെളിപ്പെടുത്തുന്നു. മയക്കുമരുന്ന് പരിധിവിട്ട് കഴിച്ചതാണ് ജാക്സൻ മരിക്കാൻ കാരണമെന്നാണ് പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ.

അദ്ദേഹത്തിന്റെ മകളായ പാരീസ്, സഹോദഹി ലാ ടോയ എന്നിവരൊക്കെ ജാക്സൻ കൊല്ലപ്പെട്ടതാണെന്നാണ് വിശ്വസിക്കുന്നത്. മരണത്തിന് മുമ്പ് ജാക്സൻ അയച്ചുവെന്ന് പറയപ്പെടുന്ന ഈ കത്തുകൾ ആ സംശയത്തിന് അടിവരയിടുന്നുവെന്നാണ് റിപ്പോർട്ട്. എന്നെ അവർ ഉറപ്പായും കൊല്ലുമെന്ന് ഈ കത്തുകളിൽ ജാക്സൻ സൂചിപ്പിച്ചിരുന്നുവെന്നാണ് ജേക്കബ്ഷാഗെൻ തറപ്പിച്ച് പറയുന്നത്.

ലാസ് വേഗസ്സിൽ നിന്നായിരുന്നു മരണഭയത്താൽ ജാക്സൻ തന്നെ വിളിച്ചിരുന്നതെന്ന് ജേക്കബ്ഷാഗെൻ വിശദീകരിക്കുന്നു. ലണ്ടനിലെ ഒ2 ടൂറിന് പോകാനിരുന്ന ജാക്സൻ തന്നോട് ജർമനിയിൽ നിന്നും വിമാനം കയറി യുഎസിലേക്ക് തന്റെ അടുത്തേക്ക് വരാൻ യാചിച്ചിരുന്നുവെന്നും ജേക്കബ്ഷാഗെൻ വേദനയോടെ ഓർക്കുന്നു. തുടർന്ന് യുഎസിലേക്ക് പോയ താൻ ജാക്നസനൊപ്പം മൂന്ന് ദിവസംചെലവഴിച്ചിരുന്നുവെന്നും ഈ സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ കൈമാറിയിരുന്ന കുറിപ്പിലും അവർ തന്നെ കൊലചെയ്യുമെന്ന് ജാക്സൻ ആശങ്കപ്പെട്ടിരുന്നുവെന്ന് ജേക്കബ്ഷാഗെൻ വെളിപ്പെടുത്തുന്നു. എന്നാൽ അവർ ആരാണെന്ന് ജാക്സൻ ഇദ്ദേഹത്തോട് ഒരിക്കലും വെളിപ്പെടുത്തിയിരുന്നുമില്ല.

എന്നാൽ ചില നോട്ടുകളിൽ ലണ്ടനിലെ തന്റെ കോൺസേർട്ടുകൾ സംഘടിപ്പിക്കുന്ന പ്രമോട്ടർമാരായ എഇജിയുടെ പേര് ജാക്സൻ പരാമർശിച്ചിട്ടുമുണ്ട്. എഇജി തനിക്ക് മേൽ കടുത്ത സമ്മർദം ചെലുത്തുന്നുവെന്ന് ചില നോട്ടുകളിൽ ജാക്സൻകുറിച്ചിരിക്കുന്നു. തന്റെ ജീവിതത്തെ കുറിച്ച് താൻ ഉത്കണ്ഠപ്പെടുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ആഴ്ചകൾക്ക് ശേഷമായിരുന്നു ജാക്സൻ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നത്. സെഡേറ്റീവ് പ്രോപോഫോൾ അമിതമായി കഴിച്ചതാണ് മരണത്തിനുള്ള ഔദ്യോഗിക കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

ഈ അപകടകരമായ മയക്കുമരുന്ന് കൈകാര്യം ചെയ്ത് മരണത്തിന് കാരണക്കാരനായ കുറ്റത്തിന് ജാക്സന്റെ പഴ്സണൽ ഡോക്ടർ കോണാർഡ് മുറേയെ നാല് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധേയനാക്കിയിട്ടുമുണ്ട്. എന്നാൽ തന്റെ ഇൻസോംമ്നിയ ചികിത്സയുടെ ഭാഗമായി ഒരു ദശാബ്ദക്കാലത്തിലധികമായി ജാക്സൻ പ്രൊപോഫോൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ജേക്കബ്ഷാഗൻ വെളിപ്പെടുത്തുന്നത്. തന്റെ അച്ഛൻ കൊല്ലപ്പെട്ടതാണെന്ന ആരോപണവുമായി ജാക്സന്റെ 19 കാരിയായ മകൾ അടുത്തിടെ രംഗത്ത് വന്നിരുന്നു. ഈ ആരോപണത്തിന് തെളിവായി ജാക്സന്റെ നോട്ടുകൾ ഹാജരാക്കുമെന്നാണ് ജേക്കബ്ഷാഗൻ പറയുന്നത്. ജേക്കബ്ഷാഗന്റെ ഇന്റർവ്യൂ അടുത്ത മാസം ഓസ്ട്രേലിയ, യുഎസ്, തുടങ്ങിയിടങ്ങളിൽ പ്രക്ഷേപണം ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button