അമ്പലവയൽ: പൊലീസുദ്യോഗസ്ഥയെ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം വിവാദത്തിലേക്ക്. സംഭവത്തിൽ പോലീസ് റിപ്പോർട്ട് പുറത്തു വിടാത്തതിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളും ദളിത് സംഘടനകളും ആരോപിക്കുന്നത്.വെള്ളിയാഴ്ച രാവിലെ അമ്പലവയൽ പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ വിശ്രമമുറിയിൽ തൂങ്ങിമരിച്ചനിലയിൽ ആയിരുന്നു അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സജിനി (37) യെ കണ്ടെത്തിയത്.
സജിനി ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ലെന്നു ഭർത്താവും ബന്ധുക്കളും പറയുന്നു.സജിനിയുടെ കാലുകൾ നിലത്തുമുട്ടിയിരുന്നതും തൊപ്പി തലയിൽത്തന്നെ ഉണ്ടായിരുന്നതും ദുരൂഹമാണെന്നും ഇവർ ആരോപിക്കുന്നു. നാലുമണിക്ക് ജോലി കഴിഞ്ഞു വിശ്രമ മുറിയിലേക്ക് പോയ സജിനിയെ ആണ് ഡ്യൂട്ടി കഴിഞ്ഞെത്തിയ മറ്റൊരാൾ ചുരിദാറിന്റെ ഷാളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
സബ് കളക്ടറുടെ നേതൃത്വത്തിൽ ഇൻക്വസ്‌റ് തയ്യാറാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.മരിക്കുന്നതിന് മുൻപ് സജിനി എഴുതിയ ഒരു കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇത് പോലീസ് പുറത്തു വിട്ടിട്ടില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ സി കെ ജാനു ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി.
Post Your Comments