KeralaLatest News

കൂട്ടിയിട്ട പ്ലാസ്റ്റിക് കൂനയ്ക്ക് തീപിടിച്ചു ; പിന്നീട് സംഭവിച്ചത്

കട്ടപ്പന : ഇരട്ടയാറ്റില്‍ ബസ് സ്റ്റാന്‍ഡിലെ മാലിന്യ പ്ലാന്റിന് സമീപത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കൂനയ്ക്ക് തീപിടിച്ചതിനെതുടര്‍ന്ന് സ്റ്റാന്‍ഡിലെ അഞ്ചോളം കടകള്‍ക്ക് നാശ നഷ്ടം. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു തീപിടുത്തമുണ്ടായത്. സമീപത്തെ കെട്ടിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് കടകളില്‍ പുക ഉയരുന്നത് കണ്ടത്. ഇരട്ടയാറിലെയും പരിസര പ്രദേശങ്ങളിലെയും വന്‍തോതിലുള്ള പ്ലാസ്റ്റിക് മാലിന്യം കഴിഞ്ഞ ദിവസം ഇവിടെ ശേഖരിച്ചിരുന്നു. ഇവിടെ മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ല. അടുത്ത ദിവസം വേറെ മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തിക്കാനിരിക്കുകയായിരുന്നു അപകടം.

ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍എഞ്ചിന്‍ എത്തി ഒരു മണിക്കൂര്‍ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. പൊലീസും നാട്ടുകാരും തീയണക്കാന്‍ ഫയര്‍ഫോഴ്സിന് സഹായിച്ചു. മാലിന്യ പ്ലാന്റിനോട് ചേര്‍ന്നാണ് കടകള്‍ സ്ഥിതി ചെയ്യുന്നത്.
കോണ്‍ക്രീറ്റ് ഭിത്തികളായതിനാല്‍ കടകളിലേക്ക് തീ വലിയ തോതില്‍ പടര്‍ന്നില്ല. ഉള്‍ഭാഗത്ത് പുകപടലങ്ങള്‍ നിറഞ്ഞു. മാവേലി സ്റ്റോറടക്കമുള്ള കടയിലെ സാധനങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. പലതും കരിയില്‍ നിറഞ്ഞു. ഏകദേശം പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.
തീ ഉയര്‍ന്ന ഉടന്‍ തന്നെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ മറ്റ് അപകടങ്ങള്‍ ഒഴിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button