പട്ന : ബിഹാറിലെ എലികള്‍ കടുത്ത മദ്യപാനികളാണെന്നാണ് ബിഹാര്‍ പോലീസ് പറയുന്നത്. പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച മദ്യം അപ്രത്യക്ഷമായ സാഹചര്യത്തില്‍, അതിന് നല്കിയ വിശദീകരണത്തിലാണ് എലികള്‍ മദ്യം കുടിച്ചുതീര്‍ത്തതായി വ്യക്തമാക്കുന്നത്. പിടിച്ചെടുത്ത് വിവിധ സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന ഒമ്പത് ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചുതീര്‍ത്തതായി ബീഹാര്‍ പോലീസ് അവകാശപ്പെടുന്നു. എന്നാല്‍ ഈ വിശദീകരണങ്ങളില്‍ തൃപ്തരല്ല സംസ്ഥാനത്തെ പോലീസ് മേധാവികള്‍. അതുകൊണ്ട് പട്ന മേഖലാ ഐജിയുടെ നേതൃത്വത്തില്‍ വിശദമായ ഒരു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ മദ്യം കടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എഡിജിപി എസ്. കെ. സിംഗാല്‍ പറഞ്ഞു.
മദ്യനിരോധനം നിലനില്‍ക്കുന്ന ബീഹാറില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചവരില്‍ നിന്ന് പിടികൂടി പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് അപ്രത്യക്ഷമായത്. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത്തരമൊരു വിചിത്രമായ വിശദീകരണം നല്‍കിയത്.
പോലീസ് സ്റ്റേഷനുകളില്‍ മദ്യം സൂക്ഷിച്ചിരുന്ന സ്ഥലങ്ങളില്‍ നിന്ന് വന്‍ തോതില്‍ മദ്യം അപ്രത്യക്ഷമായതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് വിവരം പുറത്താകുന്നതും പോലീസിന് വിശദീകരണം നല്‍കേണ്ടി വന്നതും. കുറേ മദ്യക്കുപ്പികള്‍ നശിച്ചുപോയതായും ബാക്കിയുള്ളവ സൂക്ഷിച്ചിരുന്ന സ്ഥലത്ത് എലികളുണ്ടെന്നും അവ വന്‍തോതില്‍ മദ്യം കുടിച്ചുതീര്ത്തതായും പോലീസ് അധികൃതര്‍ പറയുന്നു.
Post Your Comments