ചണ്ഡിഗഡ്: പഠാൻകോട്ട് സൈനികക്യാംപിനു തൊട്ടടുത്തു സംശയകരമായ രീതിയിൽ രണ്ടു കറുത്ത ബാഗുകൾ കണ്ടെത്തി. അതിർത്തിയിൽ പ്രകോപനങ്ങൾ തുടരവെയാണ് ബാഗുകൾ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് ബാഗുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്നു പഠാൻകോട്ടിൽ ജാഗ്രതാനിർദേശം നൽകി. ബാഗുകൾ സൈനിക ക്യാംപിൽനിന്നു ഏതാനും അടി ദൂരത്തിലായിട്ടാണ് കണ്ടെത്തിയത്. ഇത് അതീവ ഗൗരവത്തോടെയാണു സൈന്യം കണക്കാക്കുന്നത്.
നാട്ടുകാരാണ് മാമൂൺ ഹെഡ്ക്വാർട്ടേഴ്സിനു സമീപം കിടന്നിരുന്ന ബാഗുകൾ ആദ്യം കണ്ടത്. ഉടനെ സുരക്ഷാസേനയെ അറിയിച്ചു. ബാഗിൽനിന്ന് മൊബൈൽ ടവർ ബാറ്ററികൾ കിട്ടിയിട്ടുണ്ടെന്ന് റിപോർട്ടുകൾ പറയുന്നു. ബാഗുകൾ ആരാണ് ഇവിടെ ഉപേക്ഷിച്ചതെന്നു കണ്ടെത്താനുള്ള പരിശോധന നടക്കുന്നതായി സേനാവൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായൊരു സംഭവമുണ്ടായി.
ഗുർദാസ്പുർ ജില്ലയിൽ ഉപേക്ഷിച്ച നിലയിൽ എസ്‍യുവി കണ്ടെത്തിയിരുന്നു. സംശയകരമായ സാഹചര്യത്തിൽ ആറുപേർ വാഹനത്തിൽ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് വാഹനം പരിശോധിക്കാനൊരുങ്ങി. പോലീസിന്റെ തടസം തകർത്തുമുന്നേറിയ വാഹനത്തിൽനിന്ന് ആറുപേരും ഇറങ്ങിയോടി രക്ഷപ്പെട്ടു. വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നും എസ്‍യുവി മോഷ്ടിച്ചതാണെന്നും പിന്നീടു തെളിഞ്ഞിരുന്നു.
Post Your Comments