ന്യൂഡല്‍ഹി : സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടിക്കെതിരെ വന്‍ തിരിച്ചടി നല്‍കണമെന്ന് പരക്കെ ആവശ്യം.
സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ഇതിനായി ശക്തമായ ആവശ്യമുയരുന്നുണ്ട്. നിന്ദ്യവും മനുഷ്യത്വരഹിതവുമായ ഇത്തരം ചെയ്തികള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് മിക്ക സോഷ്യല്‍മീഡിയ ഉപയോക്താക്കളും ആവശ്യപ്പെടുന്നത്. പാക് സേനയ്ക്കെതിരെയും അതിര്‍ത്തിയിലെ ഭീകരര്‍ക്കെതിരെയും രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
ഇത്രയൊക്കെ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും സൈന്യത്തിന് വന്‍ നാശനഷ്ടമുണ്ടാകുന്നു. സൈന്യത്തിന്റെ ജീവന് രക്ഷിക്കാന്‍ വേണ്ട നടപടികളാണ് വേണ്ടത്. അതുണ്ടാകുന്നില്ലെങ്കില്‍ അതിര്‍ത്തിയിലെ ദുരന്തങ്ങള്‍ തുടരുമെന്നും ചിലര്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക്ക് റേഞ്ചേഴ്സ് നടത്തിയ റോക്കറ്റാക്രമണത്തിലാണ് രണ്ടു സൈനികര്‍ക്കു വീരമൃത്യു സംഭവിച്ചത്. റോക്കറ്റാക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികരെ ആക്രമിച്ച പാക്ക് സൈന്യം, കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയായിരുന്നു.
ഇതിനിടെ പാക്ക് സൈന്യത്തിന്റെ കിരാത നടപടിക്കു ഉചിതമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ കരസേന വ്യക്തമാക്കി. ഒരു സൈന്യത്തില്‍നിന്ന് പ്രതീക്ഷിക്കാവുന്ന നടപടിയല്ല പാക്ക് പട്ടാളത്തിന്റേതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി.
Post Your Comments