Latest NewsKeralaNews

ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടെന്ന വാര്‍ത്ത : വിശദീകരണവുമായി മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം•ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സാഗറിനെ പരീക്ഷണ വസ്ഥുവാക്കിയിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി. പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് 20 വര്‍ഷത്തിലേറെ അനുഭവ ജ്ഞാനമുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ഒരു പാനലാണ് സാഗറിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ കഴിഞ്ഞ 50 വര്‍ഷമായി ലിംഗമാറ്റ ശസ്ത്രക്രിയയെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിദഗ്ധരായ ഏത് പ്ലാസ്റ്റിക് സര്‍ജനും ചെയ്യാന്‍ കഴിയുന്നതാണ് ഇത്തരം ശസ്ത്രക്രിയകള്‍.

ചികിത്സ തേടിയെത്തിയത് 10 വര്‍ഷം മുമ്പ്

തിരുവന്തപുരം സ്വദേശിനിയും അവിവാഹിതയുമായ 41കാരി സുഭദ്ര (സാഗര്‍) 10 വര്‍ഷം മുമ്പാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങിലെ ആശുപത്രികളില്‍ കയറിയിറങ്ങി ഭീമമായ ചികിത്സാ ചെലവ് ആകുമെന്ന് മനസിലാക്കിയ ശേഷമാണ് സുഭദ്ര മെഡിക്കല്‍ കോളേജിലെത്തിയത്. അന്നു മുതല്‍ ഓരോ ഘട്ടത്തിലും ഇതിന്റെ ചികിത്സകളും മറ്റ് അനന്തര ഫലങ്ങളുമെല്ലാം സുഭദ്രയെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും അവരില്‍ നിന്നും രേഖാമൂലം എഴുതി വാങ്ങുകയും ചെയ്തിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയ എല്ലാ നിയമവശവും നോക്കി മാത്രം

നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് മാത്രമേ ഇവരെ പുരുഷനാക്കി മാറ്റാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനാല്‍ പുരുഷനാകാനുള്ള മാനസികാവസ്ഥ നേടിയെടുക്കാനായി 5 വര്‍ഷം സൈക്യാട്രി വിഭാഗത്തിലും തുടര്‍ന്ന് പുരുഷ ഹോര്‍മോണിനായി 5 വര്‍ഷം എന്‍ഡോക്രൈനോളജി വിഭാഗത്തിലും ചികിത്സ തേടി. തുടര്‍ന്ന് സൈക്യാട്രി, എന്‍ഡോക്രൈനോളജി, ഗൈനക്കോളജി, പ്ലാസ്റ്റിക് സര്‍ജറി, ഫോറിന്‍സിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘം അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് 5 തവണ കൂടിയാണ് ഓപ്പറേഷന് മുമ്പുള്ള ചികിത്സകള്‍ നടത്തിയത്.

തുടര്‍ന്നാണ് സ്തനങ്ങള്‍ നീക്കം ചെയ്യുന്ന മാസ്റ്റക്ടമി, ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ഹിസ്ട്രക്ടമി, യോനീ ഭാഗം നീക്കം ചെയ്യുന്ന വജൈനക്ടമി, അണ്ഡാശയം നീക്കം ചെയ്യുന്ന ഊഫറക്ടമി മുതലായ ശസ്ത്രക്രിയകള്‍ നടത്തിയത്.

എല്ലാവശങ്ങളും സാഗറിന് അറിയാമായിരുന്നു

ഈ ശസ്ത്രക്രിയയിലെ അവസാനത്തെ സുപ്രധാന പ്രകൃയയായിരുന്നു ലിംഗം വച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയ (ഫലോപ്ലാസ്റ്റി സര്‍ജറി). ഈ ശസ്ത്രക്രിയ വൈകുന്നതായി കാണിച്ച് സൂപ്രണ്ട്, ഡി.എം.ഇ., ആരോഗ്യ വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് സാഗറിന്റെ ലിംഗമാറ്റ ശസ്ത്രക്രിയ വേഗത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

അങ്ങനെയാണ് പ്ലാസ്റ്റിക് സര്‍ജറി പുതിയ വകുപ്പ് മേധാവി ലിഗം വച്ചു പിടിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്ക് (ഫലോപ്ലാസ്റ്റി സര്‍ജറി) തുടക്കം കുറിച്ചത്. 3 സര്‍ജറികളാണ് ഈ മേധാവിയുടെ കീഴില്‍ നടത്തിയത്. യോനിയുടെ അവശേഷിച്ച ഭാഗം നീക്കം ചെയ്യാന്‍ വേണ്ടിയുള്ള വജൈനക്ടമിയാണ് ആദ്യം നടത്തിയത്. അതിന് ശേഷം മൂത്രനാളിയുടെ നീളം കൂട്ടി. ഈ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് ഏറ്റവും പ്രയാസമേറിയ ലിംഗം വച്ചു പിടിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഈ ഓപ്പറേഷന് മുമ്പ് ഇതിന്റെ വരുംവരായ്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയയാണിതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. തുടയില്‍ നിന്നാണ് ലിംഗം നിര്‍മ്മിക്കാനുള്ള ദശ എടുക്കുന്നതെന്നും അവിടത്തെ രോമം കരിച്ച് കളണമെന്നും ഒന്നില്‍ കൂടുതല്‍ ഓപ്പറഷന്‍ വേണ്ടിവരുമെന്നും സാഗറിനോട് പറയുകയും സാഗറിന്റെ കൈപ്പടയില്‍ തന്നെ അത് എഴുതി വാങ്ങുകയും ചെയ്തു. ഇതെല്ലാം മെഡിക്കല്‍ ബോര്‍ഡിന്റെ മുമ്പില്‍ അംഗീകരിച്ച ശേഷമാണ് ശസ്ത്രക്രിയ തുടങ്ങിയത്.

എന്ത് കൊണ്ട് കാലില്‍ നിന്നും ദശയെടത്തു?

പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനായി തുട, കൈ, വയര്‍ തുടങ്ങിയ ഭാഗത്ത് നിന്നാണ് ദശയെടുത്ത് ആവശ്യമായ ഭാഗത്ത് വയ്ക്കുന്നത്. കൈയ്യില്‍ നിന്നെടുക്കുമ്പോള്‍ ആ ഭാഗത്തിന് വിരൂപതയുണ്ടാകുമെന്നതിനാല്‍ ഇപ്പോള്‍ ലോകത്താകമാനം ഫലോപ്ലാസ്റ്റിക്കായി തുട ഭാഗത്ത് നിന്നാണ് കൂടുതലായി ദശയെടുക്കാറുള്ളത്. സാഗറിന്റെ വയറില്‍ നിന്നും ദശ എടുക്കാന്‍ കഴിയാത്തതു കൊണ്ടാണ് എ.എല്‍.ടി. ഫ്‌ളാപ്പ് അഥവാ തുടയില്‍ നിന്നും ദശയെടുത്തത്. രക്തയോട്ടം നിലയ്ക്കാത്ത വിധത്തില്‍ എ.എല്‍.ടി. ഫ്‌ളാപ്പ് എടുക്കാന്‍ കഴിയുന്നതും ഒരു നേട്ടമാണ്.

ലിംഗമാറ്റ ശസ്ത്രക്രിയ വിജയമായിരുന്നു

ലിഗമാറ്റ ശസ്ത്രക്രിയയിലെ ഏറ്റവും പ്രധാന ഘട്ടമായ ലിംഗ നിര്‍മ്മാണം (ഫലോപ്ലാസ്റ്റി സര്‍ജറി) വിജയകരമായിരുന്നു. വിജയ സൂചകമായി ആ ലിംഗത്തിലെ മൂത്ര നാളിയിലൂടെ മൂത്രവും പുറത്തു വന്നിരുന്നു. ആശുപത്രിയില്‍ നിന്നും സാഗര്‍ ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് ജനുവരി 25 ന് ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജ് പത്രക്കുറിപ്പ് നല്‍കിയത്. അതില്‍ വ്യക്തമായി പറഞ്ഞിരുന്നു മൂന്നു മുതല്‍ ആറ് മാസം കഴിഞ്ഞ് കൃത്രിമ വൃഷണങ്ങള്‍ കൂടി വച്ച് പിടിപ്പിക്കുമെന്നും ഒരു വര്‍ഷം കഴിയുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇറക്ഷന്‍ ഇംപ്ലാന്റ് നടത്തണമെന്നും. അതോടുകൂടി മറ്റേതൊരു ആണിനേയും പോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്നും വ്യക്തമാക്കിയിരുന്നു.

സാഗറിന് പിന്നീടുണ്ടായത്?

ഇത്തരം ശസ്ത്രക്രിയകളില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശവും നല്‍കി. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുണ്ടായാല്‍ ഉടനെയെത്തണമെന്നും പറഞ്ഞിരുന്നു. ഇതിന് ശേഷം ഒരു പ്രാവശ്യം സാഗര്‍ ഒപിയില്‍ വരികയും അണുബാധുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് മുറിവുണങ്ങാന്‍ മരുന്ന് നല്‍കിയിരുന്നു.

പിന്നീട് സാഗര്‍ വന്നത് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍

മാര്‍ച്ച് 9ന് സാഗര്‍ പ്ലാസ്റ്റിക് സര്‍ജറി മേധാവിയുടെ അടുത്തെത്തി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ വേണ്ടി ട്രാന്‍സ് മെയില്‍ ആയതായുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്നാവശ്യപ്പെട്ടു. അന്നുതന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതു കൂടാതെ ട്രാന്‍സ്‌മെയില്‍ ആയതായുള്ള സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും വേണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് വീണ്ടും സൂപ്രണ്ടിന് അപേക്ഷ നല്‍കി. തുടര്‍ന്ന് സൂപ്രണ്ട്, പ്ലാസ്റ്റിക് സര്‍ജറി, ഗൈനക്കോളജി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് കൂടുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. ഈ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണ് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി സാഗര്‍ വ്യാജ പ്രചരണം നടത്തുന്നത്.

എല്ലാ കാര്യങ്ങളും റെക്കോഡിലുണ്ട്

സുഭദ്ര ചികിത്സിക്കാന്‍ വന്ന് സാഗറായതുവരെയുള്ള എല്ലാ കാര്യങ്ങളും മെഡിക്കല്‍ റെക്കോഡില്‍ വ്യക്തമാണ്. പാവപ്പെട്ട രോഗികള്‍ക്കായി രാപ്പകല്‍ അധ്വാനിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ വ്യാജ പ്രചരണം നടത്തുന്നത് അവരുടെ മനോവീര്യം കെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ. 5 മുതല്‍ 15 ലക്ഷം വരെ പുറത്ത് ചെലവുവരുന്ന ചികിത്സയാണ് തികച്ചും സൗജന്യമായി ഇവിടെനിന്നും സാഗറിന് ലഭിച്ചത്. ട്രാന്‍സ് മെയില്‍ സര്‍ട്ടിഫിക്കറ്റ് പോലും വാങ്ങിയ ശേഷമാണ് ഈ കുപ്രചരണമെന്നത് മാധ്യമ സുഹൃത്തുക്കളും പൊതുജനങ്ങളും തിരിച്ചറിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button