കോട്ടയം: സിപിഎം പിന്തുണയോടെ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചതിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് -എമ്മില്‍ കലഹം ആരംഭിച്ചതായി റിപ്പോര്‍ട്ട്. മുന്‍ ജോസഫ് ഗ്രൂപ്പ് അംഗങ്ങള്‍ പിന്തുണ സ്വീകരിച്ചതിനെതിരേ രംഗത്തുവന്നുകഴിഞ്ഞു.
ഇതിനിടെ പാര്‍ട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാക്കളിലൊരാളുമായ ഇ.ജെ. അഗസ്തി രാജിവച്ചു. സിപിഎം പിന്തുണ തേടിയതിനെ തുടര്‍ന്നുള്ള കലഹം മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തിലാണ് അഗസ്തിയുടെ രാജിയും.
അതേസമയം, കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് സഖറിയാസ് കുതിരവേലി സിപിഎം പിന്തുണയോടെ പ്രസിഡന്റായി മത്സരിച്ച് വിജയിച്ച കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജോസഫ് വിഭാഗം ആരോപിച്ചു. മാണി നടത്തിയത് രാഷ്ട്രീയ വഞ്ചനയാണെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനം ശരിയെന്നാണ് തന്റെ അഭിപ്രായമെന്ന് പാര്‍ട്ടി നേതാവും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫ് പ്രതികരിച്ചു.
സംസ്ഥാനതലത്തില്‍ യുഡിഎഫുമായി സഖ്യം പിരിഞ്ഞെങ്കിലും കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. നേരത്തെ നല്‍കിയിരുന്ന പിന്തുണ തുടരുകയായിരുന്നു. രണ്ടരവര്‍ഷം കഴിയുമ്പോള്‍ മാണിയുടെ സ്ഥാനാര്‍ഥിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന ധാരണയിലായിരുന്നു ഭരണം തുടര്‍ന്നിരുന്നത്.
ഇതിനിടെ കോട്ടയം കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവി ജോഷി ഫിലിപ്പ് രാജിവച്ചതിനെ തുടര്‍ന്നാണ് മാണി വിഭാഗം അപ്രതീക്ഷിത നീക്കത്തിലൂടെ സിപിഎം പിന്തുണയോടെ പ്രസിഡന്റ് പദവി പിടിച്ചെടുത്തത്.
Post Your Comments