Latest NewsNewsTechnology

സ്വയം ഓടുന്ന കാര്‍; യാഥാര്‍ത്ഥ്യത്തിലേക്ക് ഒരുപടി കൂടി അടുത്ത് ആപ്പിള്‍

സ്വയം ഓടുന്ന കാര്‍ (ഓട്ടോണോമസ്) സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന കാര്യത്തില്‍ ആപ്പിള്‍ അവസാന ഘട്ടത്തില്‍.. ഈ സ്വപ്നപദ്ധതി ആപ്പിള്‍ കഴിഞ്ഞ വര്‍ഷം കമ്പനി ഉപേക്ഷിച്ചെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പദ്ധതിയുടെ അവസാനഘട്ടത്തിലേക്ക് കടന്നതായ വാര്‍ത്തകള്‍ എത്തുന്നത്.

കാലിഫോര്‍ണിയന്‍ നിരത്തില്‍ സ്വയം ഓടുന്ന  കാറുകളുടെ പരീക്ഷണ ഓട്ടത്തിനുള്ള അനുമതി ആപ്പിളിന് ലഭിച്ചു കഴിഞ്ഞു. നേരത്തെ ഫോക്സ്‌വാഗണ്‍, ഫോര്‍ഡ്, ടെസ്ല, മെഴ്സിഡസ് ബെന്‍സ്, ഗൂഗിള്‍ തുടങ്ങി മുപ്പതോളം കമ്പനികള്‍ക്ക് ഓട്ടോണോമസ് കാറുകളുടെ പരീക്ഷണത്തിനുള്ള അനുമതി കാലിഫോര്‍ണിയ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിരുന്നു.

പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ടെസ്ലയില്‍ നിന്ന് ഒട്ടേറെ ഉദ്യോഗസ്ഥരെ ആപ്പിള്‍ സ്വന്തമാക്കിയിരുന്നു. നിലവില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ ഒന്നാം സ്ഥാനത്താണ് ടെസ്ല. ആദ്യഘട്ടം വിജയകരമായാല്‍ അധികം വൈകാതെ ആദ്യ പ്രൊഡക്ഷന്‍ മോഡല്‍ ആപ്പിള്‍ ഔദ്യോഗികമായി അവതരിപ്പിക്കും.

കാറുകളുടെ പരീക്ഷ ഓട്ടം ഇതിനോടകം ആപ്പിള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്വയം ഓടുന്ന കാറുകളുടെ സോഫ്റ്റ്‌വെയര്‍ നിര്‍മാണത്തിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനം മുതല്‍ കാര്യങ്ങളെല്ലാം വളരെ രഹസ്യമാക്കിവച്ചിരിക്കുകയാണ് കമ്പനി. ഇതിനാല്‍ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രോജക്ട് ടൈറ്റന്‍ എന്ന കോഡ് നെയിമിലാണ് ആപ്പില്‍ ഈ പദ്ധതി ആരംഭിച്ചത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ലെസ് കാറായിരിക്കും ആദ്യഘട്ടത്തില്‍ പുറത്തിറങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button