ദുബായി: യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃപാടവവും ഏത് പ്രതസന്ധിഘട്ടവും മനസാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യാനുള്ള ശേഷിയും തെളിയിക്കുന്ന ഒരു പഴയ വീഡിയോ ദൃശ്യം ഏറെ വൈറലായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
1977 ലെ ഒരു വിമാനറാഞ്ചലും ആ പ്രശ്‌നം പരിഹരിക്കാനായി അന്ന് യുഎഇ പ്രതിരോധമന്ത്രിയായിരുന്ന രാജകുമാരന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേരിട്ട് രംഗത്തുവരുന്നതാണ് ദൃശ്യങ്ങള്‍. രാജ്യത്തെ ദേശീയ ആര്‍ക്കൈവ്‌സ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ ഏറെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
1977 ല്‍ ഒക്ടോബര്‍ 13 ന് സ്‌പെയിനില്‍ നിന്ന് പുറപ്പെട്ട ലുഫ്ത്താന്‍സ ഫ്‌ലൈറ്റ് 181 പാലസ്തീന്‍ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘമായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ് ലിബറേഷന്‍ ഓഫ് പാലസ്തീന്‍ റാഞ്ചിയെടുക്കുയയായിരുന്നു. 86 യാത്രക്കാരും അഞ്ച് വിമാന ജീവനക്കാരുമാണ് തട്ടിയെടുക്കപ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. വിമാനം സ്‌പെയിനില്‍ നിന്ന് പുറപ്പെട്ട് അര മണിക്കൂറിനകം റാഞ്ചികള്‍ വിമാനം തട്ടിയെടുക്കുകയായിരുന്നു.
തുടര്‍ന്ന് റാഞ്ചികള്‍ ദുബായ് വിമാനത്താവളത്തിലേക്ക് ഇന്ധനം നിറയ്ക്കാന്‍ സൗകര്യം ആവശ്യപ്പെട്ടും യാത്രക്കാര്‍ക്കുള്ള വെള്ളം, ഭക്ഷണം, മെഡിസിന്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടും വിമാനം ഇറക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അധികൃതര്‍ ഇതിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് വിമാനത്തിലുള്ളവരെ വധിക്കുമെന്ന റാഞ്ചികളുടെ ഭീഷണിയുണ്ടായപ്പോഴാണ് യുഎഇ അധികൃതര്‍ വഴങ്ങിയത്.
ഈ സമയത്ത് ദുബായി വിമാനത്താവളത്തിലെ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ നിയന്ത്രണം നേരിട്ട് എറ്റെടുത്ത് കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രതിരോധമന്ത്രിയായ, യുവാവായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എത്തുകയായിരുന്നു. എയര്‍ ട്രാഫിക് യൂണിറ്റിലെ മൈക്രോഫോണ്‍ കൈയിലെടുത്ത് റാഞ്ചികളോട് നേരിട്ട് രാജകുമാരന്‍ സംസാരിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ചശേഷം ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് രാജകുമാരന്‍ വിശദീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Post Your Comments