Latest NewsNewsIndia

ബിജെപിയെ പിന്തുണച്ചവര്‍ക്ക് കെജ്രിവാള്‍ വെള്ളവും വൈദ്യുതിയും തടയുന്നുവെന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പില്‍ വന്‍പരാജയം ഏറ്റുവാങ്ങിയ എഎപിയും പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ബിജെപിയെ പിന്തുണച്ച ജനങ്ങളോട് പ്രതികാരം ചെയ്യുന്നുവെന്ന് ആരോപണം. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയ മേഖലയിലെ ജനങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കാതെ കേജ്രിവാള്‍ പ്രതികാര രാഷ്ട്രീയം പയറ്റുകയാണെന്ന് ബിജെപി ഡല്‍ഹി വക്താവ് തജീന്ദര്‍പാല്‍ എസ് ബഗ്ഗയാണ് ആരോപിച്ചത്.

തെരഞ്ഞെടുപ്പില്‍ തോല്‍വി പിണഞ്ഞതിന് പിന്നാലെ ബിജെപി വന്‍നേട്ടമുണ്ടാക്കിയ മേഖലകളിലെ വൈദ്യുതി വിതരണം തടഞ്ഞും ജലവിതരണം നിര്‍ത്തിവച്ചും കേജ്രിവാള്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ബഗ്ഗ പറഞ്ഞു. മത്സരം എഎപിയും ബിജെപിയും തമ്മിലാണ്. ഇതിന് പാവപ്പെട്ട ജനങ്ങള്‍ എന്തുപിഴച്ചു. കെജ്രിവാള്‍ എന്തിനാണ് അവരോട് പ്രതികാരം ചെയ്യുന്നതെന്ന് ബഗ്ഗ ട്വിറ്ററില്‍ ചോദിച്ചു.

മുന്‍സിപ്പില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് തൊട്ടുപിന്നാലെ പരാജയത്തിന് വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തി രംഗത്തെത്തിയ കേജ്രിവാള്‍ പക്ഷെ കഴിഞ്ഞദിവസം പരാജയം അംഗീകരിക്കുന്നതായി വ്യക്തമാക്കിയിരുന്നു. തെറ്റ് പറ്റിയത് തിരുത്തി പാര്‍ട്ടിയും സര്‍ക്കാരും മുന്നോട്ടുപോകുമെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.

ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ 270 ല്‍ 181 സീറ്റുകള്‍ സ്വന്തമാക്കി വന്‍ വിജയം നേടിയാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്. എഎപിക്ക് 48 ഉം കോണ്‍ഗ്രസിന് 30 ഉം സീറ്റുകളാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button