കുവൈറ്റ്: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ പ്രത്യേക കര്‍മപദ്ധതികളുമായി കുവൈറ്റ് മതകാര്യമന്ത്രാലയം. ഇമാമുമാര്‍ക്കും മതകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തീവ്രവാദം തടയുന്നതുമായി ബന്ധപ്പെട്ടു പ്രത്യേക പരിശീലനം നല്‍കും. ഔകാഫ് അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ഫരീദ് ഇമാദി വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്.
ഇമാമുമാര്‍ക്ക് പുറമെ പള്ളി നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഔകാഫ് മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും പരിശീലന പരിപാടിയില്‍ സംബന്ധിക്കും. അതോടൊപ്പം പള്ളികളില്‍ നിയമപരമായ അനുവാദം കരസ്ഥമാക്കാതെ പഠന ക്ലാസുകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനെതിരെ നടപടികള്‍ കര്‍ശനമാക്കും. മന്ത്രാലയത്തിന്റെ അനുമതിപത്രമില്ലാതെ ഇത്തരം പരിപാടികള്‍ പള്ളികളില്‍ സംഘടിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും കഴിഞ്ഞ ദിവസം പ്രത്യേക സര്‍ക്കുലര്‍ വഴി നിര്‍ദേശം നല്‍കിയതായും അണ്ടര്‍ സെക്രട്ടറി പറഞ്ഞു.
രാത്രികാലങ്ങളില്‍ പള്ളികളില്‍ താമസിക്കുകയും കിടന്നുറങ്ങുകയും ചെയ്യുക, പള്ളി മുറ്റങ്ങളില്‍ ദീര്‍ഘനേരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക എന്നിവക്കെതിരെയും സര്‍ക്കുലറില്‍ മുന്നറിയിപ്പുണ്ട്. കുവൈറ്റില്‍ ഭീകരാക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായി ഈയിടെ പിടിയിലായ ദാഇഷ് സംഘത്തിന്റൈ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അധികൃതര്‍ തീവ്രവാദത്തിനെതിരെ മുന്‍കരുതല്‍ കര്‍ശനമാക്കിയത്.
Post Your Comments