ബംഗളൂരു•ആദ്യവിവാഹം മറച്ചുവച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വൃക്ഷങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ചു. ഇലക്ട്രോണിക് സിറ്റിക്ക് സമീപം ആണ് സംഭവം. ആസാം സ്വദേശിനിയായ ജുനാലി ഗൂല (23) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് അജയ് ദാസ് (25) നെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
ഇലക്ട്രോണിക് സിറ്റിയിലെ ഒരു വസ്ത്ര നിര്‍മാണ ഫാക്ടറിയില്‍ വച്ചാണ് അജയ്, ജുനാലിയെ പരിചയപ്പെടുന്നത്. ആസാം സ്വദേശിയായ ഇയാള്‍ മൂന്ന് വര്‍ഷം മുന്‍പാണ് ബംഗളൂരുവിലെത്തിയത്. ജുനാലി രണ്ടു വര്‍ഷം മുന്‍പാണ് ഇവിടെയെത്തിയത്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും ആറുമാസം മുന്‍പ് വിവാഹിതരാകുകയും ചെയ്തു. പക്ഷെ, ഇരുവരുടെയും പശ്ചാത്തലത്തെക്കുറിച്ച് പരസ്പരം കാര്യമായ അറിവുണ്ടായിരുന്നില്ല. അതിനിടെ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയില്‍ ജുനാലി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു.
പരിശോധനയ്ക്കിടെ ജുനാലി നേരത്തെ ഗര്‍ഭിണിയായിട്ടുണ്ടോ എന്ന ഡോക്ടറുടെ ചോദ്യം കേട്ട അജയ് ഞെട്ടി. തനിക്ക് രണ്ട് കുട്ടികള്‍ ഉണ്ടെന്ന് യുവതി സമ്മതിച്ചു. തന്നെ വീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും ഒടുവില്‍ താന്‍ നാടുവിട്ട് ബംഗളൂരുവിലേക്ക് വരികയായിരുന്നുവെന്നും യുവതി പറഞ്ഞു.
രാത്രി വീട്ടിലെത്തിയ ശേഷം അജയ് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് മരക്കൂട്ടങ്ങള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ആക്രി പെറുക്കുന്നവര് ആണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments