തിരുവനന്തപുരം: നൈറ്റ് ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരൻ ഗേറ്റ് ചാടിക്കടന്ന് കിടപ്പുമുറിയിലേക്ക് ലൈറ്റ് അടിച്ചതായി ആരോപണം. വട്ടിയൂർക്കാവ് പോലീസിനെതിരെയാണ് പരാതി. ഗേറ്റ് ചാടിക്കടന്നു കിടപ്പുമുറിയിലേക്കു ടോർച്ച് പ്രകാശിപ്പിച്ചതായും അസഭ്യം വിളിച്ചതായും മന്ന ഹൗസിൽ സുചിത്ര ബേബി കമ്മിഷണർക്കു നൽകിയ പരാതിയിൽ പറയുന്നു.
സുചിത്രയുടെ അകന്ന ബന്ധുവായ സ്ത്രീയെ ബസ് സ്റ്റാൻഡിൽ നിന്ന് പോലീസ് കണ്ടെത്തി . ഇവർ നൽകിയ വിലാസമനുസരിച്ച് പൊലീസ് സ്ത്രീയെയുംകൂട്ടി സുചിത്രയുടെ വീട്ടിലെത്തി. ഈ സമയം മക്കളോടൊപ്പം വീടിന്റെ മൂന്നാമത്തെ നിലയിൽ ഉറങ്ങുകയായിരുന്നു സുചിത്ര. ആരോ ഗേറ്റ് ചാടിക്കടക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കിടപ്പു മുറിയിലേക്കു ടോർച്ചിന്റെ പ്രകാശം തെളിഞ്ഞു. പിന്നീട് വാതിലിൽ മുട്ട് കേൾക്കുകയും ആരാണെന്ന് ചോദിച്ചപ്പോൾ പൊലീസാണെന്ന് മറുപടി ലഭിച്ചു. കാര്യം തിരക്കിയപ്പോൾ താഴേക്ക് ഇറങ്ങിവരാൻ ആവശ്യപ്പെട്ടു. ഒറ്റയ്ക്കാണ് താമസമെന്ന് അറിയിച്ചപ്പോൾ താഴേക്ക് വന്നാൽ എന്താ കുഴപ്പമെന്നും ഭർത്താവില്ലേടീ, നിന്റെ മേൽവിലാസമെന്താ തുടങ്ങി ചോദ്യങ്ങൾ ചോദിച്ചു തന്നെ മാനസികമായി അപമാനിക്കാൻ ശ്രമിച്ചെന്നും സുചിത്ര നൽകിയ പരാതിയിൽ പറയുന്നു. എന്തുവന്നാലും വരില്ലെന്നു പറഞ്ഞപ്പോൾ മാനസിക വിഭ്രാന്തിയുള്ള ഒരാളെ വീട്ടിൽ താമസിപ്പിക്കാനാണു വന്നതെന്നും സാധ്യമല്ലെന്നു പറഞ്ഞപ്പോൾ ടൂ വീലറിന്റെ നമ്പർ കുറിച്ചെടുത്തു പൊലീസ് സംഘം സ്ഥലംവിട്ടതായും സുചിത്ര പറയുന്നു.
അതേസമയം അർധരാത്രിയിൽ പട്രോളിങ്ങിനിടെ ബസ് സ്റ്റാൻഡിൽ തനിച്ചിരുന്ന സ്ത്രീയെ പരാതിക്കാരുടെ വീട്ടിലെത്തിക്കാനാണു ശ്രമിച്ചതെന്നും പൊലീസ് കോൺസ്റ്റബിൾമാർ മോശമായി സംസാരിച്ചു എന്നു പറയുന്നതു ശരിയല്ലെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments