മൂന്നാര്‍ : പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ഉറച്ചുതന്നെ. മണിയെ താഴെയിറക്കും വരെ സമരം തുടരുമെന്ന് സമരവീര്യം നഷ്ടപ്പെടാത്ത നേതാക്കള്‍.
മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാര സമരം നടത്തുന്നതിനിടെ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയ പൊമ്പിളൈ ഒരുമൈ നേതാക്കള്‍ ചികിത്സ നിഷേധിച്ച് സമരമുഖത്തേക്കു മടങ്ങുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനും സംഘവും ചികിത്സ വേണ്ടെന്ന് എഴുതിവച്ച ശേഷം ബസില്‍ കയറി മൂന്നാറിലേക്കു തിരിച്ചു. മൂന്നാര്‍ ടൗണിലെ സമരപ്പന്തലില്‍ തിരികെ എത്തി സമരം തുടരാനാണു ഇവരുടെ തീരുമാനം.
സമരം അഞ്ചാം ദിവസത്തിലേക്കു കടന്നതോടെ ആരോഗ്യം തീര്‍ത്തും മോശമായ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്കു നീക്കിയത്. സമരക്കാരുടെയും ഇവര്‍ക്കു പിന്തുണയുമായി സമരമുഖത്തുള്ള ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പ്രതിഷേധങ്ങള്‍ക്കിടെയാണ് ഗോമതി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കിയത്. നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ വലിച്ചിഴച്ചാണ് സമരക്കാരെ ആംബുലന്‍സില്‍ കയറ്റിയത്. ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെ ഗോമതി ആംബുലന്‍സില്‍ നിന്നു പുറത്തേക്കു ചാടാന്‍ ശ്രമിച്ചതും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.
ആശുപത്രിയിലും സമരം തുടരുമെന്ന നിലപാടിലായിരുന്നു അറസ്റ്റിലായി സമരക്കാര്‍. ആശുപത്രിയിലെത്തിച്ചു ഡ്രിപ്പ് നല്‍കാനുള്ള ശ്രമത്തെ ഇവര്‍ തടയുകയും ചെയ്തു. മൂന്നാറിലേക്കു തിരികെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ആശുപത്രിയിലേക്കു നീക്കുക വഴി സമരം പൊളിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആരോപിക്കുകയും ചെയ്തു. സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലുണ്ടായിരുന്ന കോണ്‍ഗ്രസ്, ആം ആദ്മി നേതാക്കളുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു പൊലീസ് നടപടി. തുടര്‍ന്ന്, പൊലീസ് അറസ്റ്റു ചെയ്തു നീക്കിയ ഗോമതിക്കും കൗസല്യയ്ക്കും പകരം മറ്റൊരു നേതാവായ വിജയ സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ പൊമ്പിളൈ ഒരുമൈ നേതാവ് രാജേശ്വരിയെ പൊലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്കു മാറ്റിയിരുന്നു. രാജേശ്വരിക്കു പകരം പൊമ്പിളൈ ഒരുമൈ പ്രതിനിധി ശ്രീലതാ ചന്ദ്രന്‍ നിരാഹാരം തുടങ്ങി. ഇതിനു പിന്നാലെയാണ് ഗോമതി ഉള്‍പ്പെടെയുള്ളവരെയും അറസ്റ്റു ചെയ്തു നീക്കിയത്. സമരം അഞ്ചാം ദിവസത്തിലേക്കു സമരക്കാരുടെ ആരോഗ്യനില വഷളായതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ കൂടാതെ ആം ആദ്മി പാര്‍ട്ടിയും സമരരംഗത്തുണ്ട്. യുഡിഎഫും ബിജെപിയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംഘടനകളും പിന്തുണയറിയിച്ചിട്ടുണ്ട്. സമരത്തിനു പിന്തുണയേറിയതോടെ ഒത്തുതീര്‍പ്പു നീക്കങ്ങളുമായി സിപിഎമ്മും സജീവമാണ്.
Post Your Comments