ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാരും സൈന്യവും വീണ്ടും നേര്‍ക്കുനേര്‍. സര്‍ക്കാര്‍ സൈനിക ഉന്നതതല യോഗത്തിലെ രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉടലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥനെ പുറത്താക്കാനുള്ള നവാസ് ഷരീഫ് സര്‍ക്കാരിന്റെ നീക്കത്തിന് സൈന്യം തടസം നില്‍ക്കുകയായിരുന്നു.
യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ വിശദാംശങ്ങള്‍ അടക്കം പാക്കിസ്ഥാനിലെ ദേശീയ മാധ്യമമായ ‘ഡോണ്‍’ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ‘ഡോണ്‍ ചോര്‍ച്ച’ എന്ന പേരില്‍ 2016ല്‍ പുറത്തായ സംഭവത്തിനു ഉത്തരവാദിയെന്ന് സര്‍ക്കാര്‍ കരുതുന്ന ഉദ്യോഗസ്ഥനെ പുറത്താക്കാനുള്ള നീക്കത്തിനാണ് സൈന്യം തടയിട്ടത്.
നിരോധനമുള്ള ഭീകരവാദ സംഘടനകള്‍ പാക്കിസ്ഥാനില്‍ വളരുന്നതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഡോണ്‍ പ്രസിദ്ധീകരിച്ചത്. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ കുറ്റകരമായ വീഴ്ച വരുത്തിയതായി കണ്ടെത്തി. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സ്‌പെഷല്‍ അസിസ്റ്റന്റായ സയ്യിദ് താരിഖ് ഫത്തേമിയെ പുറത്താക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുമ്പോഴാണ് എതിര്‍നീക്കവുമായി സൈനിക നേതൃത്വവും സജീവമായത്.
പല വിഷയങ്ങളിലും പാക് സര്‍ക്കാരും സൈന്യം അത്ര സ്വരചേര്‍ച്ചയിലല്ല. താരിഖ് ഫത്തേമിക്കെതിരായ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാക്ക് സൈനിക നേതൃത്വം ഇയാളെ പുറത്താക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളിയത്.
Post Your Comments