കൊല്ലം: സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി ഷീ ടാക്‌സി എത്തിയതിനു പിന്നാലെ താമസിക്കാന്‍ ഷീ ലോഡ്ജുകളും വരുന്നു. സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും വലിയ നഗരസഭകളിലുമായിരിക്കും തുടക്കത്തില്‍ ഇവ സ്ഥാപിക്കുക. സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ സുരക്ഷിതമായി പാര്‍ക്കാനും ഭക്ഷണം കഴിക്കാനും സൗകര്യങ്ങളുള്ളതായിരിക്കും ഷീ ലോഡ്ജുകള്‍.
അത്യാവശ്യമുള്ള സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഭക്ഷണം കഴിക്കാന്‍ കാന്റീനും ഷീ ലോഡ്ജുകളിലുണ്ടായിരിക്കും. പകലും രാത്രിയും ഒരുപോലെ പ്രവര്‍ത്തിക്കുന്നതായിരിക്കും ഈ സുരക്ഷിത താമസസങ്കേതങ്ങള്‍. സ്ത്രീസൗഹൃദമായും മാനേജ്‌മെന്റ് വൈദഗ്ധ്യത്തോടെയും ഇവ നടത്താന്‍ വനിതാ ഗ്രൂപ്പുകളെ ചുമതലപ്പെടുത്തും.
കുടുംബശ്രീ സംവിധാനത്തിന്റെ സഹായത്തോടെ ഇവര്‍ക്ക് പരിശീലനവും നല്‍കും. കോര്‍പ്പറേഷനോ നഗരസഭയ്‌ക്കോ സ്വന്തമായുള്ള കെട്ടിടത്തിലോ വാടകയ്ക്ക് എടുക്കുന്ന കെട്ടിടത്തിലോ ഷീ ലോഡ്ജ് തുടങ്ങാം. വികസനഫണ്ടിലെ തുക ഇതിനായി വിനിയോഗിക്കാനും അനുമതിയുണ്ട്. സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെയുള്ള സഞ്ചാരത്തിന് സുരക്ഷിതമായ താമസസൗകര്യം വേണമെന്ന കാഴ്ചപ്പാടിലാണ് ഇത്തരം ലോഡ്ജുകള്‍ സ്ഥാപിക്കുന്നത്.
വിശ്വസ്തതയുള്ള ഒരു ഏജന്‍സിയുടെ ചുമതലയില്‍ ഷീ ലോഡ്ജുകളുടെ ശൃംഖല സ്ഥാപിക്കുന്നതിനാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശത്തില്‍ ഉദ്ദേശിക്കുന്നത്.ഈ ശൃംഖലയില്‍പ്പെട്ട ഷീ ലോഡ്ജുകള്‍ തമ്മില്‍ പരസ്പരബന്ധമുണ്ടായിരിക്കും.
Post Your Comments