റിയാദ്: അനധികൃത താമസക്കാര്‍ക്ക് രേഖകള്‍ നിയമവിധേയമാക്കാന്‍ ഇനി 60 ദിവസം മാത്രമേ അവശേഷക്കുന്നുള്ളൂവെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഈ സമയത്തിനകം രേഖകള്‍ നിയമാനുസൃതമാക്കിയില്ലെങ്കില്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃജോലിയും അനധികൃത താമസവുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കാനുള്ള രാജാവിന്റെ ഉത്തരവ് പ്രയോജനപ്പെടുത്താനുള്ള അവസരം ആരും നഷ്ടപ്പെടുത്തരുതെന്നും അവര്‍ ഓര്‍മിപ്പിച്ചു. രാജ്യത്താകമാനമായി 75 ഇടങ്ങളില്‍ ഇതിനുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അനധികൃത താമസക്കാര്‍ ഈ കേന്ദ്രങ്ങളുമായി ഉടന്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ചില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി 90 ദിവസമായിരുന്നു. ഇതിനകം രേഖകള്‍ ശരിയാക്കുകയോ രാജ്യം വിടുകയോ വേണം. ഇത് അനുസരിച്ചില്ലെങ്കില്‍ ഒരു ലക്ഷം സൗദി റിയാല്‍ വരെ പിഴയടയ്‌ക്കേണ്ടിവരുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം തലവന്‍ സുലൈമാന്‍ അല്‍ യഹ്യ അറിയിച്ചു. മാര്‍ച്ച് 19 നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ നയഫ് രാജകുമാരന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 29 മുതല്‍ 90 ദിവസമാണ് പൊതുമാപ്പ് കാലാവധി.
ഈ കാലാവധിയില്‍ അനധികൃതമായി താമസിക്കുന്നവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിയാലും നിയമാനുസൃതമായി സൗദിയില്‍ പിന്നീട് തിരിച്ചെത്താം. എന്നാല്‍ പൊതുമാപ്പ് കാലാവധിയില്‍ ഫിംഗര്‍ പ്രിന്റ് അടക്കമുള്ള രേഖകള്‍ നല്‍കിയശേഷമാകണം മാതൃരാജ്യത്തേക്കുള്ള മടക്കം. അല്ലാത്തപക്ഷം തിരിച്ചുവരാന്‍ കഴിയില്ല. ഉംറ, ഹജ്ജ്, സന്ദര്‍ശക വിസകളില്‍ എത്തി രാജ്യത്ത് തുടരുന്നവരടക്കം അനധികൃതമായി കഴിയുന്ന എല്ലാവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
സൗദി അറേബ്യയിലെ ആകെയുള്ള 32 മില്യണ്‍ ജനസംഖ്യയില്‍ 12 മില്യണും വിദേശികളാണ്. ഇതില്‍ എത്രപേര്‍ അനധികൃത താമസക്കാരാണെന്നതിന് കൃത്യമായ കണക്കില്ല.
Post Your Comments