![](/wp-content/uploads/2017/04/hacker.jpg)
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ മുപ്പതോളം സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി. ചാരനെന്നാരോപിച്ച് പിടികൂടിയ ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ വധിക്കാനുള്ള പാക്കിസ്ഥാന്‍ നീക്കത്തിലാണ് ഇന്ത്യന്‍ സൈബര്‍ ലോകത്തിന്റെ പ്രതിഷേധം. പാക്കിസ്ഥാനിലെ വിവിധ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ തകര്‍ത്താണ് അവര്‍ കുല്‍ഭൂഷണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നുള്ള ഹാക്കര്‍മാരും സംഘത്തിലുണ്ട്.
ലുസെക്സ് ഇന്ത്യ എന്ന 11 പേരടങ്ങിയ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കുല്‍ഭൂഷണ്‍ ജാദവിനായാണ് നടപടി. സൈറ്റുകള്‍ തകര്‍ത്തതിനു പിന്നില്‍ തങ്ങളുടെ ആസൂത്രണമാണെന്ന് അവര്‍ വ്യക്തമാക്കി. ”കുല്‍ഭൂഷണിനെതിരായ കേസ് വ്യാജമാണ്, നടപടി കാപട്യവും അപഹാസ്യവുമാണ്.
അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തുവെന്നതിന് യാതൊരു തെളിവുമില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകമാണത്. ആദ്യം സരബ്ജിത്, ഇപ്പോള്‍ ജാദവ്” എന്നാണ് തകര്‍ത്ത വെബ്സൈറ്റുകള്‍ തുറക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.
പാക്കിസ്ഥാന്‍ ഗ്രാമീണ വികസന അക്കാദമിയുടെ സൈറ്റാണ് കേരള സൈബര്‍ യോദ്ധാക്കള്‍ തകര്‍ത്തത്. കുല്‍ഭൂഷണ്‍ ജാദവ്ജിക്ക് നീതിക്കായി എന്നാണ് സൈറ്റ് തുറക്കുമ്പോള്‍ പ്രധാന പുറത്തില്‍ വരുന്നത്. തെലങ്കാന സൈബര്‍ യോദ്ധാക്കള്‍ എന്ന മറ്റൊരു സംഘം കറാച്ചി സര്‍ക്കാര്‍ ആശുപത്രിയുടെ സൈറ്റില്‍ കടന്നുകയറി. രോഗികളുടേതടക്കം വിവരങ്ങള്‍ കൈവശപ്പെടുത്തിയെന്ന് ഇവര്‍ പറഞ്ഞു.
അതേസമയം, പാക്ക് ഹാക്കര്‍മാരുടെ തിരിച്ചടി പ്രതീക്ഷിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. ഹാക്കര്‍മാരെ ഔദ്യോഗികമായി ഉപയോഗിച്ച് പാക്കിസ്ഥാന്‍ നിരന്തരം ഇന്ത്യക്കെതിരെ ആക്രമണം നടത്താറുണ്ട്. ഇനി അത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ശത്രു രാജ്യങ്ങളുടെ സൈറ്റുകളില്‍ നുഴഞ്ഞുകയറാന്‍ ചൈന, പാക്കിസ്ഥാന്‍, ഉത്തര കൊറിയ, ഇറാന്‍ രാജ്യങ്ങള്‍ വിദഗ്ധര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.
Post Your Comments