ഇസ്ലാമാബാദ് : 25 വര്‍ഷമായി ഇലകള്‍ മാത്രം കഴിച്ച് ജീവിക്കുന്ന ഒരു മനുഷ്യന്‍. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റന്‍വാല ജില്ലയിലെ 50കാരനായ മഹ്മൂദ് ഭട്ടാണ് ഇലയും മരക്കഷണവും മാത്രം കഴിച്ച് ജീവിതം മുന്നോട്ട് നയിക്കുന്നത്. ജോലിയും ഭക്ഷണത്തിനായുള്ള പണവും കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് 25 വര്‍ഷം മുമ്പ് ഇദ്ദേഹം വിശപ്പടക്കാന്‍ ഇലകള്‍ കഴിച്ചുതുടങ്ങിയത്. തന്റെ കുടുംബത്തെ ദാരിദ്ര്യം കാര്‍ന്നുതിന്ന അവസ്ഥയില്‍ മറ്റു വഴിയില്ലായിരുന്നു എന്ന് ഭട്ട് പറഞ്ഞു.
ഭട്ടിന് വര്‍ഷങ്ങളായി ഒരു അസുഖവും വന്നിട്ടില്ല എന്നതാണ് കൂടുതല്‍ കൗതുകം. ആല്‍, താലി, സക്ക് ചെയിന്‍ എന്നീ മരങ്ങളുടെ ഇലയും തടിയും കഴിക്കാനാണ് തനിക്കേറ്റവും ഇഷ്ടമെന്ന് ഭട്ട് പറഞ്ഞു. റോഡരികില്‍നിന്ന് ഭട്ട് ഇലകളും മരച്ചില്ലകളും കഴിക്കുന്നത് സ്ഥിരം കാഴ്ചയാണെന്നും അദ്ദേഹം ഒരിക്കലും ഡോക്ടറെ സമീപിച്ചിട്ടില്ലെന്നും അയല്‍ക്കാരന്‍ ഗുലാം മുഹമ്മദും സാക്ഷ്യപ്പെടുത്തി.
തെരുവുകളില്‍ ഭിക്ഷയാചിക്കുന്നതിനേക്കാള്‍ നല്ലത് ഇലയും മരക്കഷണവും കഴിക്കുന്നതാണെന്ന് തോന്നി. പിന്നീടതൊരു ശീലമായി മാറുകയായിരുന്നു. എന്നാല്‍, ജോലിയും ഭക്ഷണം വാങ്ങാനുള്ള പണവും സമ്പാദിച്ചതിനു ശേഷവും ഭക്ഷണശീലത്തില്‍ മാറ്റം വരുത്താന്‍ ഭട്ടിന് കഴിഞ്ഞില്ല. തന്റെ കഴുതവണ്ടിയില്‍ സാധനങ്ങള്‍ കയറ്റിയെത്തിച്ച് ദിവസവും 600 രൂപ ഭട്ട് നേടുന്നുണ്ട്. എന്നാല്‍, പുതിയ ഇലകളും മരക്കഷണവും കണ്ടെത്തുന്നതിലാണ് അദ്ദേഹത്തിന് താല്‍പര്യം.
Post Your Comments