ലക്നൗ: അഖിലേഷിന്റെ പദ്ധതികൾ പുനഃപരിശോധിക്കാൻ ആദിത്യനാഥ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുലായം സിങ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ഏർപ്പെടുത്തിയ യഷ് ഭാരതി അവാർഡിനെക്കുറിച്ചു കർശന അവലോകനം നടത്താൻ ഉത്തരവിട്ടു. 11 ലക്ഷം രൂപ സമ്മാനവും 50,000 രൂപ പ്രതിമാസ പെൻഷനും അടങ്ങിയതാണ് പുരസ്കാരം. യുപി സർക്കാർ നൽകുന്ന ഏറ്റവും വലിയ അവാർഡാണിത്.
1994 ൽ മുലായം ഭരണകാലത്തു തുടങ്ങിയ അവാർഡ് പിന്നീടെത്തിയ മായാവതി സർക്കാർ നിർത്തലാക്കിയിരുന്നു. അഖിലേഷ് യാദവ് ഭരണത്തിലെത്തിയശേഷം 2015 ൽ ഇതു പുനഃസ്ഥാപിച്ചു. പുരസ്കാരത്തിന്റെ മൂല്യം അനർഹരായവർക്കു നൽകിയതിലൂടെ നഷ്ടപ്പെട്ടുവെന്നാണു ആദിത്യനാഥിന്റെ അഭിപ്രായം.
അദ്ദേഹം പുരസ്കാര നിർണയത്തിന്റെ മാനദണ്ഡങ്ങളും വ്യവസ്ഥകളും പുനഃപരിശോധിക്കാൻ സാംസ്കാരിക വകുപ്പിനു നിർദേശം നൽകി. അവാർഡ് തുടരണോ എന്നു ഇതിനുശേഷം തീരുമാനിക്കും. പൊതുജനങ്ങളുടെ പണം അനാവശ്യമായി ധൂർത്തടിക്കുന്നതാണ് പുരസ്കാരമെന്നു നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. മുൻ സർക്കാരിന്റെ കാലത്തെ പദ്ധതികളെല്ലാം ആദിത്യനാഥ് സർക്കാർ ഇത്തരത്തിൽ പരിശോധിച്ചു വരികയാണ്.
Post Your Comments