Latest NewsKeralaNews

മൂന്നാർ കുരിശ് പൊളിച്ചു മാറ്റൽ; പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയില്‍ നിന്നു കുരിശ് നീക്കം ചെയ്ത നടപടിയെ വിമര്‍ശിച്ച പിണറായി വിജയൻ നടത്തിയ പ്രസ്താവനയെ പരിഹസിച്ചാണ് അഡ്വ.എ.ജയശങ്കർ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി മെത്രാന്‍ സമിതിയേക്കാള്‍ കടുപ്പത്തിലാണ് പ്രതികരിച്ചതെന്ന് ജയശങ്കര്‍ അഭിപ്രായപ്പെടുന്നു. കയ്യേറ്റത്തില്‍ പള്ളിക്കാരേക്കാള്‍ ഒട്ടും മോശക്കാരല്ല പാര്‍ട്ടിക്കാര്‍. ഒരുപാട് ഭൂമി അവരും കയ്യേറിയിട്ടുണ്ട്. കുരിശിനു പകരം ചെങ്കൊടി, അത്രയേ ഉള്ളൂ വ്യത്യാസം മാത്രമേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നസ്രായനായ യേശു പല അത്ഭുതപ്രവൃത്തികളും ചെയ്തതായി മത്തായിയും മര്‍ക്കോസും ലൂക്കായും യോഹന്നാനും രേഖപെടുത്തിയിട്ടുണ്ട്. വെള്ളം വീഞ്ഞാക്കി, കുഷ്ഠരോഗിയെ സുഖപ്പെടുത്തി, മരിച്ച ലാസറെ ഉയിര്‍പ്പിച്ചു. പക്ഷേ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു സ്ഥാപിച്ചതായി സുവിശേഷത്തില്‍ എങ്ങും കാണുന്നില്ല.

പൗലോസ് അപ്പോസ്തലന്‍ റോമര്‍ക്കും കൊറിന്ത്യര്‍ക്കും ഗലാത്യര്‍ക്കും എഴുതിയ ലേഖനങ്ങളിലും റവന്യൂ ഭൂമിയിലെ കുരിശുകൃഷിയെ കുറിച്ച് പറഞ്ഞിട്ടില്ല.

കര്‍ത്താവോ പൗലോസോ പറയാത്തതിനാല്‍ കയ്യേറ്റം പാപമെന്നു കരുതുന്നവരല്ല കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍. കുരിശു നാട്ടുക, വളച്ചു കെട്ടുക, പളളിയും പളളിക്കൂടവും പണിത് പട്ടയം വാങ്ങുക ഇതാണ് സാധാരണ നടപടിക്രമം.

കുരിശ് ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രത്യാശയുടെയും മാത്രമല്ല കയ്യേറ്റത്തിന്റെയും ആക്രാന്തത്തിന്റെയും കൂടി പ്രതീകമാണ് പശ്ചിമ ഘട്ടത്തില്‍.

പാപ്പാത്തിച്ചോലയില്‍ 200 ഏക്കര്‍ കയ്യേറാന്‍ 25അടി ഉയരമുളള കുരിശു നാട്ടിയത് തൃശൂര്‍ കുരിയച്ചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ വ്യഭിചാര പ്രസ്ഥാനമാണ്. കുരിശിന്റെ ഉയരത്തിനൊത്ത് കയ്യേറ്റഭൂമിയുടെ വിസ്തൃതിയും കൂടും.

പാപ്പാത്തിച്ചോലയിലെ കുരിശുകൃഷിക്ക് കത്തോലിക്കാ സഭയുമായി ബന്ധമൊന്നുമില്ല. എങ്കിലും മെത്രാന്‍ സമിതി രൂക്ഷമായി പ്രതികരിച്ചു. കുരിശുപൊളിച്ചതിനെ ബാബറി മസ്ജിദിനോട് ഉപമിച്ചു. ഇന്ന് നീ, നാളെ ഞാന്‍ എന്ന ഭീതി തന്നെ കാരണം.

മെത്രാന്‍ സമിതിയേക്കാള്‍ കടുപ്പത്തിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. സത്യവിശ്വാസികള്‍ ദു:ഖ വെള്ളിയാഴ്ച മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ മാത്രം നാട്ടിയ ഒരു ചെറുകുരിശ് എന്തിനു നീക്കം ചെയ്തു? റവന്യൂ ഭൂമിയിലെന്ന് ആക്ഷേപമുണ്ടെങ്കില്‍ പറഞ്ഞാല്‍ പോരായിരുന്നോ, അവര്‍ തന്നെ പറിച്ചുകൊണ്ടു പോകുമായിരുന്നില്ലേ?

ഹാവൂ, എന്തൊരു വിനയം, എന്തു പ്രതിപക്ഷ ബഹുമാനം, ഹൃദയലാവണ്യം! ഈ പാവത്തിനെയാണോ ഡബിള്‍ ചങ്കന്‍ എന്നൊക്കെ വിളിക്കുന്നത്?

പള്ളിക്കാരേക്കാള്‍ ഒട്ടും മോശക്കാരല്ല പാര്‍ട്ടിക്കാര്‍. ഒരുപാട് ഭൂമി അവരും കയ്യേറിയിട്ടുണ്ട്. കുരിശിനു പകരം ചെങ്കൊടി, അത്രയേ ഉള്ളൂ വ്യത്യാസം.

പത്തു കൊല്ലം മുമ്പു മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ദൗത്യസംഘത്തെ അയച്ചപ്പോഴാണ് മണിയാശാന്‍ വിഎസ് ഗ്രൂപ്പു വിട്ടു പിണറായിയെ ശരണം പ്രാപിച്ചത്. വിപ്ലവം വേറെ, കയ്യേറ്റം വേറെ.

പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍
പാത കാണിക്കും കുരിശേ ജയിക്കുക!

shortlink

Related Articles

Post Your Comments

Related Articles


Back to top button