ഇടുക്കി: മൂന്നാറിലെ ഭൂമി കൈയ്യേറി കുരിശ് പൊളിച്ച സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് സിപിഐ. മുഖ്യമന്ത്രിയുടെ വാദങ്ങളൊക്കെ തെറ്റെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗ തീരുമാനപ്രകാരമാണ് മൂന്നാറില്‍ ഒഴിപ്പിക്കല്‍ നടന്നതെന്നും അതിന്റെ ഭാഗമായാണ് കുരിശ് പൊളിച്ചുമാറ്റിയതെന്നും ശിവരാമന്‍ പറഞ്ഞു. കുരിശ് കൈയ്യേറ്റത്തിന്റെ പ്രതീകമാകുന്നത് തടയുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കുരിശ് പൊളിച്ചുമാറ്റിയ റവന്യൂവകുപ്പ് നടപടിയെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് കെകെ ശിവരാമന്റെ പ്രതികരണം.
എന്തുകൊണ്ടാണ് മുഖ്യമന്ത്രി അങ്ങനെ പ്രതികരിച്ചതെന്ന് അറിയില്ലെന്ന് ശിവരാമന്‍ പറഞ്ഞു. കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കുരിശ് പൊളിച്ചുമാറ്റിയത്. കൈയ്യേറ്റക്കാര്‍ ഭൂമി പിടിച്ചെടുക്കാന്‍ സ്ഥാപിച്ചതാണ് പാപ്പാത്തി ചോലയിലെ വിവാദമായ കുരിശ്. കുരിശ് കൈയ്യേറ്റത്തിന്റെ പ്രതീകമാകുന്നത് വിശ്വാസികള്‍ എതിര്‍ക്കുകയാണ് വേണ്ടതെന്നും കെകെ ശിവരാമന്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ തന്നെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥന്‍മാരുടെയും ജനപ്രതിനിധികളുടേയും യോഗത്തില്‍ വെച്ചാണ് കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള തീരുമാനം എടുത്തത്. വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയത് അവിടെ കുരിശ് വെച്ചവരാണെന്നും ശിവരാമന്‍ വ്യക്തമാക്കി.
Post Your Comments