Uncategorized

കല്ലിന് പകരം കല്ലേറ്: കശ്മീരിലെ സൈന്യത്തെ കവണ വിദ്യ പഠിപ്പിക്കാമെന്ന് ആദിവാസികള്‍

ഭോപ്പാല്‍: ജമ്മു കശ്മീരിലെ സൈന്യത്തിന് നേര്‍ക്ക് തീവ്രവാദികളുടെ പിന്തുണയുള്ള കശ്മീര്‍ യുവാക്കള്‍ നടത്തുന്ന കല്ലേറിനെ നേരിടാന്‍ വിദ്യ പഠിപ്പിക്കാമെന്ന് മധ്യപ്രദേശിലെ ആദിവാസികള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരിക്കുകയാണ് ജാബുവ ജില്ലയിലെ ഭില്‍ ഗോത്രത്തില്‍പ്പെട്ട ആദിവാസികള്‍.

സൈന്യത്തിന് തങ്ങളുടെ കവണയുപയോഗിച്ചുള്ള കല്ലേറ് വിദ്യ പഠിപ്പിക്കാമെന്ന് അറിയിച്ചാണ് ആദിവാസികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. കശ്മീരിലെ സൈന്യത്തെ തങ്ങളുടെ പരമ്പരാഗത ആയുധമായ ഗോഫാന്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കാമെന്നാണ് ആദിവാസികള്‍ പറയുന്നത്. ഗോഫാന്‍ എന്നാണ് ഈ പ്രത്യേകതരം കവണയ്ക്ക് പറയുന്നത്. ഇത് വളരെ നിഷ്പ്രയാസം ഉപയോഗിക്കാമെന്നും കശ്മീരിലെ കല്ലേറുകാരെ നേരിടാമെന്നും ആദിവാസികള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. കശ്മീരില്‍ ആള്‍ക്കുട്ടത്തിന്റെ കല്ലേറില്‍ നിസഹായരായി നില്‍ക്കുന്ന സുരക്ഷാ സൈന്യത്തിന്റെ ഗതികേട് അറിഞ്ഞാണ് തങ്ങള്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതെന്ന് ആദിവാസികള്‍ പറഞ്ഞു.

ചെറിയ കയര്‍ ഉപയോഗിച്ചു ലളിതമായി നിര്‍മ്മിക്കാവുന്നതാണ് ഗോഫാന്‍ എന്ന കവണ. ഇതിന്റെ മധ്യഭാഗത്ത് റബ്ബര്‍ അല്ലെങ്കില്‍ തോല്‍ ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേക ഭാഗമുണ്ടാകും. ഇതിലാണ് എറിയാനുള്ള കല്ല് വെയ്ക്കുന്നത്. തുടര്‍ന്ന് ഈ കവണ കറക്കുന്നതിനൊപ്പം കയറിന്റെ ഒരുഭാഗം അയച്ചുവിടുന്നു. അപ്പോള്‍ ഇതില്‍ വെച്ചിരിക്കുന്ന കല്ല് വളരെ ശക്തിയില്‍ ലക്ഷ്യത്തിലേക്ക് കുതിക്കും. ആദിവാസികള്‍ വേട്ടയാടാനും ആക്രമണങ്ങളെ പ്രതിരോധിക്കാനുമായാണ് ഗോഫാന്‍ ഉപയോഗിക്കുന്നത്.

ഇത്തരം കവണ ഉപയോഗിക്കുന്ന ബറ്റാലിയന്‍ തന്നെ സൈന്യത്തില്‍ ഉണ്ടാക്കണമെന്നാണ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആദിവാസികള്‍ ആവശ്യപ്പെടുന്നത്. ഒരാള്‍ കല്ലെറിയുന്നതിനേക്കാള്‍ മൂന്നുമടങ്ങ് വേഗത്തില്‍ ഗോഫാന്‍ ഉപയോഗിച്ച് കല്ലെറിയാന്‍ സാധിക്കുമെന്നും പരിചയസമ്പന്നരായ ഇവര്‍ക്ക് 50 മീറ്ററോളം ദൂരത്തിലുള്ള ലക്ഷ്യത്തിലേക്ക് ഇതുപയോഗിച്ച് കല്ലെറിയാന്‍ സാധിക്കുമെന്നും മധ്യപ്രദേശിലെ പൊലീസുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ട് പതിറ്റാണ്ടുകളായി ഇവര്‍ ഗോഫാന്‍ ഉപയോഗിക്കുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം പ്രധാനമന്ത്രിക്കയക്കാനായി ജില്ലാകളക്ടറെയാണ് ഏല്‍പ്പിച്ചത്. കശ്മിരില്‍ സുരക്ഷാ സൈന്യം നിസഹായരായി നില്‍ക്കുന്നതുകണ്ട് രാജ്യസ്നേഹികളായ തങ്ങള്‍ക്ക് സഹിക്കുന്നില്ലെന്നും എത്രയും പെട്ടന്ന് ഒരു ഗോഫാന്‍ ബറ്റാലിയന്‍ രൂപീകരിച്ച് കശ്മീരിലേക്കയക്കണമെന്നും അവര്‍ പറയുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ പാരമ്പര്യമുള്ള തങ്ങള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ വീണ്ടും അവസരം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button