തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരിയ വര്‍ദ്ധനവ് മാത്രമാണ് നിരക്കില്‍ ഉണ്ടായിരിക്കുന്നതെന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ നിരക്ക് വര്‍ദ്ദനവില്‍ നിന്ന് ഒഴിവാക്കിയതായും കാര്‍ഷിക മേഖലയക്ക് യൂണിറ്റിന് രണ്ട് രൂപ എന്ന നിരക്ക് തുടരുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിരക്കില്‍ നേരിയ വര്‍ധന വരുത്തിയിട്ടുണ്ട്. എന്നാല്‍ ആയിരം വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ നിരക്ക് വര്‍ദ്ധനവില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഗണിച്ച് കാര്‍ഷിക വിഭാഗത്തിന് നിലവിലുള്ള നിരക്കായ യൂണിറ്റിന് 2 രൂപാ എന്നത് തുടരും. ഭക്ഷ്യധാന്യ വിളകള്‍ക്ക് മാത്രമായിരുന്നു ബാധകമായിരുന്ന ഈ ഇളവ് ഇനി മുതല്‍ വിളകളുടെ തരം പരിഗണിക്കാതെ പച്ചക്കറി, പഴവര്‍ഗങ്ങള്‍, തെങ്ങ്, കമുക്, കുരുമുളക്, കൊക്കോ, ജാതി, ഗ്രാമ്പൂ എന്നീ വിളകളുടെ കൃഷിക്കും ലഭ്യമായിരിക്കും.
ജലധാര, സുജലധാര, ജലനിധി തുടങ്ങിയ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ കുടിവെള്ള വിതരണ യൂണിറ്റുകള്‍ക്ക് ഗാര്‍ഹിക നിരക്കില്‍ ആയിരിക്കും വൈദ്യുതി നല്‍കുക. രണ്ടായിരം വാട്ട് വരെ കണക്റ്റഡ് ലോഡുള്ളതും പ്രതിമാസ ഉപഭോഗം 100 യൂണിറ്റിന് താഴെയുള്ളതുമായ വായനശാലകള്‍ക്ക് 1.80 രൂപ നിരക്കില്‍ വൈദ്യുതി നല്‍കും.
വ്യവസായ യൂണിറ്റുകളുടെയും നാണ്യവിള തോട്ടങ്ങളുടെയും കോളനികളിലെ താമസക്കാര്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസം 150 യൂണിറ്റ് വരെ 1.50 രൂപ നിരക്കില്‍ വൈദ്യുതി നല്‍കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 യൂണിറ്റ് വരെ 2.80 രൂപയാണ് ഇപ്പോള്‍ നിരക്ക്. അത് 2.90 രൂപയായാണ് വര്‍ധിപ്പിച്ചത്. 10 പൈസയുടെ വര്‍ധന. 100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ നിരക്ക് 3.20 രൂപയില്‍ നിന്ന് 3.40 രൂപയാകും. 101-150 യൂണിറ്റ് : 4.50 രൂപ (നിലവില്‍ 4.20), 151-200 യൂണിറ്റ്: 6.10 രൂപ (നിലവില്‍ 5.80 രൂപ).
Post Your Comments