ബെംഗളൂരു: മൂന്നര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞന്‍ പാസ്‌കല്‍ മസൂറിയറിനെ ബെംഗളൂരു കോടതി വെറുതെവിട്ടു. പ്രതി കുറ്റം ചെയ്‌തെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 44 കാരനായ ഫ്രഞ്ച് ഉദ്യോഗസ്ഥനെ വെറുതെവിട്ടത്. 2012ല്‍ മുന്‍ ഭാര്യ സുജ ജോണ്‍സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഈ കേസില്‍ 2012 ജൂണില്‍ പോലീസ് മസൂറിയറിനെ അറസ്റ്റ് ചെയ്തിരുന്നു.
മകള്‍ ബലാത്സംഗത്തിന് ഇരയായെന്ന് സ്ഥിരീകരിക്കാന്‍ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ റിപ്പോര്‍ട്ടും സുജ ജോണ്‍സ് പൊലീസിന് നല്‍കിയിരുന്നു. കേസ് നല്‍കി നാലാം ദിവസമായിരുന്നു അറസ്റ്റ്. ആ സമയത്ത് ബെംഗളൂരു ഫ്രഞ്ച് കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി ചീഫ് ആയിരുന്നു പാസ്‌ക്കല്‍.
2001ലാണ് സുജയും പാസ്‌ക്കലും വിവാഹിതരായത്. മൂന്ന് മക്കളുണ്ട്. രണ്ടാമത്തെ കുട്ടിയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തെന്നാണ് സുജയുടെ ആരോപണം. കേസില്‍ നാല് മാസം ജയിലില്‍ ആയിരുന്ന പാസ്‌കല്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. സ്വന്തം മക്കളെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്ന് കാട്ടി ജയില്‍ മോചിതനായ ശേഷം പാസ്‌ക്കല്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം പെണ്‍കുട്ടി ഒഴികെയുള്ള മറ്റു രണ്ട് മക്കളെ സന്ദര്‍ശിക്കാന്‍ കോടതി പാസ്‌ക്കലിന് അനുമതി നല്‍കി.
ഫ്രാന്‍സില്‍ മരണാസന്നയായി കിടക്കുന്ന മുത്തശ്ശിയെ കാണാന്‍ ആഗ്രഹമുണ്ടെന്ന് കാട്ടി കേസിലെ വിചാരണ അതിവേഗത്തില്‍ ആക്കണമെന്ന് പാസ്‌ക്കല്‍ 2014 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അപേക്ഷിച്ചിരുന്നു.
Post Your Comments