ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികളുടെ വായടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടിംഗ്് യന്ത്രത്തെ കുറിച്ച് പരാതി ഉണ്ടാകാതിരിയ്ക്കാനുള്ള നടപടി കേന്ദ്രം ആരംഭിച്ചു. (2019 ലെ പൊതു തെരഞ്ഞടുപ്പില്‍ ഉപയോഗിക്കുന്നതിന് വേണ്ടി വോട്ട് ചെയ്യുന്നത് ആര്‍ക്കാണെന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് നല്കുന്ന വി വി പാറ്റ് (വോട്ടര്‍ വെരിഫൈയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യൂണിറ്റുകള്‍ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി.
വോട്ടിംഗ് യന്ത്രത്തോടൊപ്പം സ്ഥാപിക്കുന്ന ഈ യൂണിറ്റില്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് പേപ്പറില്‍ പ്രിന്റ് ചെയ്ത് വരും. ഇത് വോട്ടര്‍ കണ്ട് ഉറപ്പ് വരുത്തിയതിന് ശേഷം പേപ്പര്‍ മറ്റൊരു പെട്ടിയിലേയ്ക്ക് മാറ്റപ്പെടും.
2017-18, 2018-19 വര്‍ഷങ്ങളില്‍ 3173.47 കോടി രൂപ ചെലവില്‍ യൂണിറ്റ് ഒന്നിന് 19,650 രൂപ നിരക്കില്‍ 16,15,000 വി വി പാറ്റ് യൂണിറ്റുകള്‍ ബംഗളൂരുവിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങാനാണ് അനുമതി നല്‍കിയിട്ടുള്ളത്. അന്തിമ വില ചര്‍ച്ചയിലൂടെ പരമാവധി കുറയ്ക്കാന്‍ പ്രൈസ് നെഗോസിയേഷന് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വി വി പാറ്റ് യൂണിറ്റുകളടങ്ങിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങുന്നതിന് നടപ്പ് സാമ്പത്തിക വര്‍ഷം 1,600 കോടി രൂപ അധിക സഹായം അനുവദിച്ചിട്ടുണ്ട്. ഈ തുകയുടെ 40% മുന്‍കൂറായി നിര്‍മ്മാതാക്കള്‍ക്ക് നല്‍കും. 2018 സെപ്റ്റംബര്‍ 20 ന് മുമ്പ് മുഴുവന്‍ വി വി പാറ്റ് യൂണിറ്റുകളും സംഭരിക്കത്തക്കവിധം വേണം രണ്ട് നിര്‍മ്മാതാക്കള്‍ക്കും ഓര്‍ഡര്‍ നല്‍കേണ്ടത്.
ഗവണ്മെന്റിന്റെ ഈ തീരുമാനം വഴി 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ എല്ലാ പോളിംഗ് ബുത്തുകളിലും വി വി പാറ്റ് യൂണിറ്റുകള്‍ വിന്യസിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിയും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുത്താനും, വോട്ടര്‍മാരുടെ ആശങ്കകള്‍ അകറ്റിക്കൊണ്ട് അവരുടെ തൃപ്തിക്കനുസൃതമായി സുതാര്യതയുടെ ഒരു അധിക തലം കൂടി സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ 2013 ഒക്ടോബര്‍ എട്ടിന് സുപ്രീം കോടതി ഉത്തരവിലൂടെ നല്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുമാകും.
Post Your Comments