മോസ്‌കോ: ടൂറിസവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ ഇല്ലാതെ പ്രവേശനം അനുവദിക്കുമെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് പറഞ്ഞു.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലുള്ള റഷ്യന്‍ ഫാര്‍ ഈസ്റ്റ് പ്രവിശ്യയിലാണ് വീസ ഇല്ലാതെയുള്ള പ്രവേശനം. ഇന്ത്യയെ കൂടാതെ യുഎഇ ഉള്‍പ്പടെ മറ്റ് 17 രാജ്യത്ത് നിന്നുള്ളവര്‍ക്കും ഈ സൗജന്യം അനുവദിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കിഴക്കന്‍ സൈബീരിയയിലെ ബൈകല്‍ തടാകത്തോടും പസഫിക് സമുദ്രത്തോടും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തിന്റെ ടൂറിസം പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മെദ്‌വെദേവ് അറിയിച്ചു. ചൈനയും വടക്കന്‍ കൊറിയയുമാണ് അതിര്‍ത്തിരാജ്യങ്ങള്‍.
ഇവിടേയ്ക്ക് പ്രവേശനത്തിനായി, ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ പ്രവേശിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ മതിയാകും. ഇന്ത്യ, യുഎഇ എന്നിവ കൂടാതെ വിസ ഇല്ലാതെ ഇവിടെ പ്രവേശിക്കാന്‍ അള്‍ജീരിയ, ബഹ്‌റിന്‍, ബ്രൂണെയ്, ഇറാന്‍, ഖത്തര്‍, ചൈന, വടക്കന്‍ കൊറിയ, കുവൈറ്റ്, മൊറോക്കോ, മെക്‌സിക്കോ, ഒമാന്‍, സൗദി അറേബ്യ, സിങ്കപ്പൂര്‍, ടുണീഷ്യ, ടര്‍ക്കി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അനുവാദമുള്ളത്. പ്രവിശ്യയിലെ വ്‌ലാഡിവോസ്‌റ്റോക് തുറമുഖത്ത് ഈ 18 രാജ്യങ്ങളില്‍ നിന്ന് കപ്പലിറങ്ങാവുന്നതാണ്.
Post Your Comments