Latest NewsNewsIndia

കശ്മീരിൽ ഇനി പ്ലാസ്റ്റിക് ബുള്ളറ്റ്

ന്യൂഡൽഹി: ഇനിമുതൽ ജമ്മു കശ്മീരിൽ പ്രതിഷേധക്കാരെ നേരിടുന്നതിന് പ്ലാസ്റ്റിക് വെടിയുണ്ടകൾ ഉപയോഗിക്കാൻ തീരുമാനം. പെല്ലെറ്റ് തോക്കുകളുടെ ഉപയോഗം വൻ പ്രതിഷേധം വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഹരശേഷി കുറവുള്ള പ്ലാസ്റ്റിക് തിരകൾ ഉപയോഗിക്കാൻ നിർദേശം നൽകി. ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനി കഴിഞ്ഞ ജൂലൈ എട്ടിന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു വൻതോതിലുള്ള പ്രതിഷേധമാണു സൈന്യത്തിനു കശ്മീരിൽ നേരിടേണ്ടിവരുന്നത്.

പെല്ലെറ്റ് തോക്കുകൾ കൂട്ടമായി പ്രതിഷേധിക്കുന്നവരെ ഓടിക്കാനും കല്ലെറിയുന്നവർക്കുനേരെ പ്രയോഗിക്കാനുമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ, പ്രഹരശേഷി കുറവുള്ള തോക്കുകളുടെ ഗണത്തിൽപ്പെടുന്ന പെല്ലെറ്റ് തോക്കുകൾ പൂർണമായും ഒഴിവാക്കില്ല. മറിച്ച് ഉപയോഗം പരിമിതപ്പെടുത്തും. അവസാന ആശ്രയം എന്ന നിലയ്ക്കേ ഇനി അവ ഉപയോഗിക്കൂ. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി കശ്മീർ താഴ്‌വരയിൽ സ്വീകരിക്കേണ്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്ഒപി) ആഭ്യന്തരമന്ത്രാലയം പരിഷ്കരിച്ചു. പെല്ലെറ്റ് തോക്കുകൾ ഏൽപ്പിക്കുന്ന പരുക്കുകൾ മൂലം 13 പേരാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. 250ൽ ഏറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്.

ഇതിനോടകംതന്നെ ആയിരക്കണക്കിന് പ്ലാസ്റ്റിക് തിരകൾ നിർമിച്ചിട്ടുണ്ട്. ഇവ കശ്മീർ താഴ്‌വരയിലേക്ക് അയച്ചിട്ടുണ്ടെന്നു മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ഇൻസാസ് റൈഫിളിൽനിന്നുതന്നെ ഈ വെടിയുണ്ടകൾ പ്രയോഗിക്കാം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കശ്മീർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പെല്ലെറ്റ് തോക്കുകൾക്കു പകരം മറ്റൊന്ന് കശ്മീരിലെ സുരക്ഷയ്ക്കു നൽകുമെന്ന് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button