ന്യൂഡല്‍ഹി : വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ ഫേസ്ബുക്ക് തയ്യാറെടുക്കുന്നു. വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി അവ സസ്പെന്‍ഡ് ചെയ്ത ശേഷം വ്യക്തിത്വം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ആവശ്യപ്പെടും. അവ നല്‍കുന്നില്ലെങ്കില്‍ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യും. നിലവില്‍ ഫ്രാന്‍സില്‍ ഇത്തരത്തിലുള്ളതെന്നു സംശയിക്കുന്ന മുപ്പതിനായിരം അക്കൗണ്ടുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിച്ചു കഴിഞ്ഞു.
യഥാര്‍ഥ ജീവിതത്തില്‍ പുലര്‍ത്തുന്ന ഉത്തരവാദിത്വം ഓണ്‍ലൈനിലും പുലര്‍ത്തണമെന്നാണ് പുതിയ നടപടി വിവരിച്ച് കൊണ്ട് ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ആന്‍ഡ് കെയര്‍ ടീം വക്താവായ ശബ്നം ഷെയ്ക്ക് പറയുന്നത്. ഓരോ അക്കൗണ്ടിനുമുള്ള ആക്റ്റീവിറ്റി പാറ്റേണ്‍ നോക്കിയാണ് ആ അക്കൗണ്ടുകള്‍ ഫെയ്ക്ക് ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ സാധിക്കുന്നത് എന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നു. അനാവശ്യ പോസ്റ്റുകളുടെ പ്രചരണം ഇതിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നു കരുതുന്നതായും ശബ്നം പറഞ്ഞു.
2016 യുഎസ് പ്രസിഡന്റ് ഇലക്ഷനില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്താന്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചു എന്നാരോപിച്ചു ഫേസ്ബുക്കിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പോവുന്നത് ഫോട്ടോ മാച്ചിങ് ടെക്നോളജി ഉപയോഗിച്ച് തടയുവാനും ഫേസ്ബുക്ക് നീക്കം ആരംഭിച്ചു.
Post Your Comments