ശ്രീനഗര്‍•കല്ലേറ് കാരില്‍ നിന്ന് രക്ഷപെടാന്‍ സൈന്യം യുവാവിനെ ജീപ്പില്‍ കെട്ടിവച്ച് മനുഷ്യകവചമാക്കിയ സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
വീഡിയോ പുറത്തുവന്നതോടെ സംഭവം വന്‍ വിവാദത്തിന് വഴി വച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി സംസ്ഥാന പോലീസില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ സൈന്യവും ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു. സംഭവം പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിരുന്നു.
തട്ടിക്കൊണ്ടുപോകലിനും മനുഷ്യജീവന്‍ അപകടത്തിലാക്കിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഏപ്രില്‍ 9 ന് ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിനിടെ പോളിംഗ് ഉദ്യോഗസ്ഥരെ ആക്രമിക്കാനെത്തിയ 400 ഓളം വരുന്ന കല്ലേറ് കാരില്‍ നിന്ന് രക്ഷപെടാനാണ് യുവാവിനെ പിടികൂടി ജീപ്പിന് മുന്നില്‍ കെട്ടിവച്ചതെന്നും ഇയാള്‍ക്ക് ഉപദ്രവമൊന്നും ചെയ്തിട്ടില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.
ബുധ്ഗാം ജില്ലയിലെ സീതഹരാന്‍ ഗ്രാമവാസിയായ ഫാറൂഖ് അഹമ്മദ് ധര്‍ എന്നയാളെയാണ് ഇത്തരത്തില്‍ കെട്ടിവച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സൈന്യത്തിന്റെ 53 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റാണ് സംഭവത്തില്‍ ഉള്‍പ്പെട്ടത്.
തെരഞ്ഞെടുപ്പിന്റെ മറവില്‍ വിഘടനവാദികള്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ 8 പേര്‍ കൊല്ലപെടുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments