കോഴിക്കോട് : സിപിഎമ്മിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് ജിഷ്ണുവിന്റെ അമ്മാവന്റെ കത്ത്. പാര്‍ട്ടിയെ അറിയിച്ചാണ് ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിന് പോയതെന്നും, കൂടിക്കാഴ്ചക്കുള്ള തീയതി ഡിജിപിയാണ് നിശ്ചയിച്ചതെന്നും കത്തില്‍ ശ്രീജിത്ത് വിശദീകരിക്കുന്നു. വളയത്ത് നടന്ന വിശദീകരണ യോഗത്തില്‍ എളമരം കരീം ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്തെ പാര്‍ട്ടി ഓഫീസുകളിലെവിടെയും ജിഷ്ണുവിന്റെ കുടുംബം ചെന്നില്ലെന്ന കുറ്റപ്പെടുത്തലിന് മുഖ്യമന്ത്രിയെ കാണാന്‍ പോയ ദിവസം എകെജി സെന്ററിലും, വിഎസിന്റെ വസതിയിലും പോയതായി കത്തില്‍ പറയുന്നു. ജിഷ്ണുകേസില്‍ പിഴവ് സംഭവിച്ചില്ലെന്ന് വ്യക്തമാക്കാന്‍ പാര്‍ട്ടി വിശദീകരണയോഗങ്ങള്‍ക്ക് ഒരുങ്ങുമ്പോഴാണ്, നടപടികളിലെവിടെയും പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജിഷ്ണുവിന്റെ കുടുംബവും വ്യക്തമാക്കുന്നത്. പാര്‍ട്ടിക്കുണ്ടായ തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം നാദാപുരം ഏരിയാ കമ്മിറ്റിക്ക് ശ്രീജിത്ത് കത്ത് നല്‍കിയിരിക്കുന്നത്.
പാര്‍ട്ടിയോടാലോചിക്കാതെ സമരം നടത്തിയെന്ന വിമര്‍ശനത്തിന് ജിഷ്ണുവിന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ പൂവം വയല്‍ ബ്രാഞ്ച് കമ്മിറ്റിക്ക് രണ്ട് തവണ കത്ത് നല്‍കിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് പോയതെന്ന് വിശദീകരിക്കുന്നു. സമരസംഘത്തെ മാലയിട്ട് യാത്രയാക്കിയത് പൂവം വയല്‍ ബ്രാഞ്ചിലെ അംഗങ്ങളാണ്. ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷിക ദിനം ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനായി തെരഞ്ഞെടുത്ത് യാദൃശ്ചികമല്ലെന്ന ആരോപണത്തിന് ഡിജിപി നിശ്ചയിച്ച ദിവസമാണ് തിരുവനന്തപുരത്ത് അദ്ദേഹത്തെ കാണാനെത്തിയതെന്നും വ്യക്തമാക്കുന്നു. മാര്‍ച്ച് 26ന് കേരളാഹൗസില്‍ വച്ച് കണ്ടപ്പോള്‍ ഡിജിപിയാണ് കൂടിക്കാഴ്ചക്കുള്ള ദിവസം തീരുമാനിച്ചതെന്നും ശ്രീജിത്ത് വിശദീകരിക്കുന്നു.
Post Your Comments