കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സി.പി.എമ്മില്‍ നിന്ന് കൂട്ടമായി ബി.ജെ.പിയിലേയ്ക്ക് ചേക്കേറുന്നു. പശ്ചിമ ബംഗാളിലെ കാന്തി സൗത്ത് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാമതെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പാര്‍ട്ടിയുടെ ‘സംഘടനാപരമായ ദൗര്‍ബല്യം’ തുറന്നു സമ്മതിക്കേണ്ട നിലപാടിലെത്തിയിരിക്കുന്നു പാര്‍ട്ടി നേതൃത്വം.
മണ്ഡലത്തില്‍ ബിജെപി രണ്ടാമതെത്തി മുഖ്യ പ്രതിപക്ഷമാകുന്ന അവസ്ഥ വന്നതാണ് സിപിഎമ്മിന് ഈ പരാജയം കൂടുതല്‍ ദഹിക്കാതായത്.
കാന്തി സൗത്ത് മണ്ഡലത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതായി ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് തുറന്നു സമ്മതിക്കുന്നു. ”തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മനസിലായത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാന്തി സൗത്തടക്കം സംസ്ഥാനത്തുടനീളം സിപിഎം വിട്ട് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുന്നുവെന്നാണ്.
കാന്തി സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ചത് 17,423 വോട്ടാണ്. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (എസ്യുസിഐ)ക്ക് 1,476 വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി സൗരിന്ദ്ര മോഹന്‍ ജന 52,843 വോട്ടുകള്‍ നേടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 30 ശതമാനം വോട്ടാണ് ഇത്തവണ പാര്‍ട്ടിക്ക് അധികമായി ലഭിച്ചത്.
സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വോട്ട് മറിച്ചതുകൊണ്ട് മാത്രമാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയതെന്ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞയുടന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചിരുന്നു.
ബിജെപിയിലേക്കുള്ള പാര്‍ട്ടി അണികളുടെ കൊഴിഞ്ഞുപോക്കിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ വോട്ടില്‍ 24 ശതമാനം കുറവുണ്ടായതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. മികച്ച നേതൃത്വത്തിന്റെ അഭാവമാണ് ഇതിന് കാരണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ”ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്കും പിന്നീട് ബിജെപിയിലേയ്ക്കും പാര്‍ട്ടി അണികള്‍ ചേക്കേറിയതിനെത്തുടര്‍ന്ന് ഇടതുമുന്നണിക്ക് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമെന്ന സ്ഥാനം നഷ്ടമായതോടെയാണ് ഇടതുമുന്നണിയുടെ കഷ്ടകാലം ആരംഭിച്ചത്.
Post Your Comments