ജിദ്ദ: സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് 16 ദിവസം പിന്നിട്ടതോടെ മലയാളികള്‍ ഉള്‍പ്പെടെ 13,000ത്തിലേറെ നിയമലംഘകര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു. ഇതില്‍ പകുതിയോളം നിയമനടപടി പൂര്‍ത്തിയാക്കി സ്വദേശങ്ങളിലെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഒൗട്ട്പാസിനുള്ള കാത്തിരിപ്പിലാണ്.
പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഓരോ ദിവസവും വിവിധ രാജ്യക്കാരായ നൂറുകണക്കിന് പേരാണ് ജവാസാത്ത് (പാസ്പോര്‍ട്ട് വിഭാഗം) കേന്ദ്രങ്ങളിലെത്തുന്നത്.
അറബ് രാജ്യങ്ങളില്‍നിന്നുള്ള നിയമലംഘകരും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ജവാസാത്ത് കേന്ദ്രങ്ങളിലെത്തുന്നുണ്ട്. പാകിസ്താന്‍ സ്വദേശികളും ഇന്ത്യക്കാരുമാണ് നാട്ടിലേക്കു മടങ്ങിയവരില്‍ കൂടുതലും. മക്ക പ്രവിശ്യയില്‍ ഏഴ് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ശുമൈസി തര്‍ഹീലിന് പുറമെ ജിദ്ദ, താഇഫ് വിമാനത്താവളങ്ങളിലും ഖുന്‍ഫുദ, റാബിഗ് എന്നിവിടങ്ങളിലും ഫൈനല്‍ എക്സിറ്റ് നേടാന്‍ സൗകര്യമുണ്ട്.
പാസ്പോര്‍ട്ട് കൈവശമില്ലാത്ത 13,000ത്തിലധികം ഇന്ത്യക്കാര്‍ ഇതിനകം ഔട്ട്പാസിനായി അപേക്ഷ നല്‍കി. ഇതില്‍ ഒന്‍പതിനായിരത്തിലധികം ഔട്ട്പാസുകള്‍ റിയാദ് ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റ് വഴിയും നല്‍കിയിട്ടുണ്ട്. മലയാളി സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് നാടണയുന്നത്. അവസാന സമയംവരെ കാത്തുനില്‍ക്കാതെ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ശുമൈസി തര്‍ഹീലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥാന്‍ കേണല്‍ ഡോ. മുഹമ്മദ് ഹസന്‍ അല്‍ ഹാരിഥി പറഞ്ഞു.
ഫൈനല്‍ എക്സിറ്റിനുള്ള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ സൗദി പാസ്പോര്‍ട്ട് വിഭാഗവും ഓഫിസുകളിലെ സേവനങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. ‘നിയമലംഘകരില്ലാത്ത’ രാജ്യം എന്ന ആശയം സാക്ഷാത്കരിക്കാനാണ് സൗദി 90 ദിവസം നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചത്.
Post Your Comments