ബംഗളൂരു: വിഷുവിനും ഈസ്റ്ററിനും നാട്ടിലെത്തുന്ന മലയാളികള്‍ക്ക് ഇരുട്ടടിയായി വോള്‍വോ സ്വകാര്യബസുകളുടെ അമിത കൊള്ള. സ്വകാര്യ ബസുകള്‍ ബംഗലൂരുവില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ അവര്‍ പറഞ്ഞ നിരക്കില്‍ തന്നെ മലയാളികള്‍ക്ക് യാത്രചെയ്യേണ്ടിവന്നു.
മാസങ്ങള്‍ക്കു മുന്‍പേ ഈ സീസണിലേയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റുകളെല്ലാം നേരത്തെ ബുക്കിംഗ് കഴിഞ്ഞിരുന്നു. ഇത് മുതലെടുത്താണ് സ്വകാര്യ വോള്‍വോ ബസുകളുടെ അമിത കൊള്ള. സ്ഥിരം ബസ് സര്‍വീസുകളിലെ ടിക്കറ്റുകള്‍ ഒരു മാസം മുമ്പോ വിറ്റുപോയി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം ബസ് സര്‍വീസുകളാണ് ബംഗലൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചത്. 31 എണ്ണം. കര്‍ണാടക ആര്‍ടിസി ഓടിക്കുന്നത് 68 സ്‌പെഷ്യല്‍ വണ്ടികള്‍.
തൃശൂരിനും എറണാകുളത്തേക്കും രണ്ടായിരത്തി അഞ്ഞൂറിനും മൂവായിരത്തിനും ഇടയ്ക്കാണ് വിഷുത്തലേന്ന് നിരക്ക്. തിരുവനന്തപുരത്തേക്ക് തുക മൂവായിരമെത്തും. ഒരുമാസത്തെ ശമ്പളത്തോളം വരും ഒരു കുടുംബത്തിന് നാട്ടിലെത്താനുളള ചിലവ്. തെക്കന്‍ കേരളത്തിലേക്ക് ഇങ്ങനെ കൂടാന്‍ കാരണവുമുണ്ട്. കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ വണ്ടികളില്‍ ആകെ എട്ടെണ്ണം മാത്രമാണ് അവിടേയ്ക്കുള്ളത്.
സ്‌പെഷ്യല്‍ ബസുകളില്‍ സീറ്റ് തീര്‍ന്നതോടെ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും സ്വകാര്യബസുകള്‍ ഈടാക്കുന്ന നിരക്ക് തോന്നുംപടിയാണ്. യാത്രാത്തിരക്ക് മുതലെടുക്കുന്നത് തടയാന്‍ ടാക്‌സി നിരക്ക് നിശ്ചയിക്കുന്ന മാതൃകയില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നിട്ട് നാളുകളായി. എന്നാല്‍ ഈ അവധിക്കാലത്തും നടപടികളില്ലാതായതോടെ സ്വകാര്യബസുകളുടെ കൊളളയ്ക്ക് ഇരയാകാന്‍ നിര്‍ബന്ധിതരാവുകയാണ് മറുനാടന്‍ മലയാളികള്‍.
Post Your Comments