ന്യൂഡൽഹി: ഇന്ത്യ, ചൈന നാവികസേനകളുടെ സംയുക്ത ഒാപറേഷനിലൂടെ കടൽക്കൊള്ളക്കാരെ തുരത്തി. ഏദൻ കടലിടുക്കിൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിലെ 18 ജീവനക്കാരെയാണ് ഇരു സേനകളും കൂടി രക്ഷിച്ചത്. ഇന്ത്യൻ, ചൈനീസ് യുദ്ധക്കപ്പലുകൾ ഒരുമിച്ചെത്തിയതോടെ കടൽക്കൊള്ളക്കാർ രക്ഷപ്പെട്ടു. ഫിലിപ്പീൻകാരായ 19 ജീവനക്കാരുമായി മലേഷ്യയിലെ കേലാങ്ങിൽനിന്ന് യമനിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലാണ് സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയത്.
ഒരുമുറിയിൽ കപ്പലിെൻറ ക്യാപ്റ്റനും ജീവനക്കാരും ഒളിച്ചിരിക്കുകയായിരുന്നു. ഇന്ത്യൻ കപ്പലുകൾ ഇവരുമായി ബന്ധപ്പെട്ടു. കൊള്ളക്കാരെ നേരിടാൻ ചൈനീസ് കപ്പലിലെ 18 സൈനികർ കപ്പലിൽ പ്രവേശിച്ചപ്പോൾ ഇന്ത്യൻ സേന വാർത്തവിനിമയ ബന്ധം നിയന്ത്രിക്കുകയും ഹെലികോപ്ടറുകൾ ഉപയോഗിച്ച് ചൈനീസ് നാവികർക്ക് സംരക്ഷണ കവചമൊരുക്കുകയും ചെയ്തു. തുടർന്ന്, കൊള്ളക്കാരെ തുരത്തി ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നുവെന്ന് നാവികസേന വക്താവ് കാപ്റ്റൻ ഡി. ശർമ അറിയിച്ചു.
ഒ.എസ് 35 എന്ന ചരക്കുകപ്പൽ ആക്രമിക്കപ്പെട്ടതായി വിവരം കിട്ടിയ ഉടൻ ഇന്ത്യൻ നാവികസേന ഐ.എൻ.എസ് മുംബൈ, ഐ.എൻ.എസ് തർകാഷ് എന്നീ യുദ്ധക്കപ്പലുകളും ചൈനീസ് നാവികസേന യൂലിൻ എന്ന യുദ്ധക്കപ്പലും അയക്കുകയായിരുന്നു. ചൈനീസ് സംഘം രക്ഷാദൗത്യത്തിനു പോകുകയും ഇന്ത്യൻ നാവിക ഹെലികോപ്ടർ കപ്പലിനെ നിരീക്ഷിക്കുകയും കടൽക്കൊള്ളക്കാരുടെ സാന്നിധ്യം പരിശോധിക്കുകയും ചെയ്തു. മേഖലയിലെ കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന ബ്രിട്ടെൻറ സമുദ്രമാർഗ വ്യാപാര സംഘടന യു.കെ.എം.ടി.ഒ അറിയിച്ചതിനെ തുടർന്നാണ് ഇന്ത്യ രക്ഷാദൗത്യത്തിൽ പങ്കാളിയായത്. പാകിസ്ഥാൻ, ഇറ്റാലിയൻ യുദ്ധക്കപ്പലുകളും എത്തിയിരുന്നു.
Post Your Comments