കൊച്ചി : സ്വന്തം മകളുടെ ഓര്‍മ്മകളുടെ വിതുമ്പലുമായി പിതാവ് പറയുന്നത് ആരുടേയും കരളലിയിക്കുന്നത്. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായിരുന്ന മകള്‍ ഷംന തസ്‌നീം മരിച്ച് എട്ടുമാസം പിന്നിട്ടിട്ടും നീതിതേടി അലയുകയാണ് പിതാവ് അബൂട്ടി. റണാകുളം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്തസമ്മേളനത്തിനിടെ തന്റെ മകളെക്കുറിച്ച് ഓര്‍ത്ത് ഈ പിതാവ് പൊട്ടിക്കരഞ്ഞു. മകളുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിക്കായി എട്ടുമാസമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ് അബൂട്ടി.
”കുത്തിവെപ്പെടുത്ത് പിടഞ്ഞുവീണ് മരിച്ച കുട്ടിയെ വിദഗ്ധ ചികിത്സയെന്ന പേരില്‍ അവള്‍ വിശ്വസിച്ച ഡോക്ടര്‍മാര്‍ വീണ്ടും ദ്രോഹിച്ചു. മൃതദേഹത്തോടു പോലും അനാദരവ് കാട്ടിയ ഡോക്ടര്‍മാരും കൂട്ടാളികളും രാഷ്ട്രീയ സ്വാധീനംകൊണ്ട് തല്‍ക്കാലം രക്ഷപ്പെട്ടേക്കും. പക്ഷേ, വിധി അവരെ ഒരിക്കലും വെറുതെ വിടില്ല” – അബൂട്ടി പറയുന്നു. ”നഖം വെട്ടുമ്പോള്‍ അറിയാതെ മകളുടെ വിരലൊന്ന് മുറിഞ്ഞാല്‍പോലും എന്റെ നെഞ്ച് പൊടിയുമായിരുന്നു. അവള്‍ക്ക് നോവുമ്പോള്‍ അതിനേക്കാള്‍ എനിക്ക് വേദനിച്ചു. ആ പൊന്നുമോളെയാണ് ഡോക്ടര്‍മാരുടെ അനാസ്ഥമൂലം നഷ്ടപ്പെട്ടത്. ആലോചിക്കുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല”- അബൂട്ടി കൂട്ടിച്ചേര്‍ത്തു.
മകള്‍ക്ക് സംഭവിച്ചത് ഇനിയും ആവര്‍ത്തിക്കരുതെന്നും കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിരന്തരമായ അലച്ചില്‍ ബാപ്പൂട്ടിയെ രോഗിയാക്കി. ഇളയ രണ്ട് കുട്ടികളുടെ പഠനം അലങ്കോലപ്പെട്ടു. ‘അന്വേഷിക്കാം’ എന്ന ഒറ്റവാക്കില്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറിയ സര്‍ക്കാര്‍ മകളുടെ ജീവന്റെ വിലയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നുലക്ഷം രൂപ അനുവദിച്ചെങ്കിലും ബാപ്പൂട്ടി ആ ചെക്ക് നിരസിച്ചു. മകളുടെ മരണത്തിന് ഉത്തരവാദിയായവരെ ശിക്ഷിച്ച് കാണുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments