മുംബൈ : രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇനി മുതല്‍ ദിനം പ്രതി മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ ഇതിനുള്ള ആലോചനയിലാണെന്ന് ഇതുമായി ബന്ധപ്പെട്ട എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി കമ്പനികള്‍ ചര്‍ച്ച നടത്തിയതായാണ് സൂചന.
അന്താരാഷ്ട്ര തലത്തില്‍ നിലവില്‍ പ്രധാന ആഗോള വിപണികളെല്ലാം തന്നെ എണ്ണവില ദിനം പ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ ഇന്ത്യയിലാകട്ടെ രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണവില പരിഷ്‌കരിക്കുന്നത്.
എണ്ണ വില ദിനംപ്രതിയാക്കുന്നതോടെ ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ ഏതാനും പൈസയുടെ വ്യത്യാസമേ വരാനിടയുള്ളൂ. ഇത് ഉപഭോക്താക്കള്‍ക്കും കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് എണ്ണകമ്പനികളുടെയും കണക്കുകൂട്ടല്‍.
രണ്ടാഴ്ച കൂടുമ്പോള്‍ എണ്ണവിലയില്‍ വലിയ വ്യത്യാസമുണ്ടാകുമ്പോള്‍ സര്‍ക്കാരിന് നേരെയുണ്ടാകുന്ന പ്രതിഷേധവും, പുതിയ രീതി നടപ്പാകുന്നതോടെ ഇല്ലാതാകുമെന്നും വിലയിരുത്തപ്പെടുന്നു.
Post Your Comments