കോട്ടയം : ഗായിക വൈക്കം വിജയലക്ഷ്മിക്കു കാഴ്ചയുടെ വെളിച്ചം സമ്മാനിച്ച ഡോക്ടര്‍ രോഗികളെ ചികിത്സിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. വിജയപുരം പഞ്ചായത്തിലെ ഹോമിയോ ഡോക്ടര്‍ കുടമാളൂര്‍ മാളിയേക്കല്‍ ആര്‍ ശ്രീകുമാറാണ് (42) കുഴഞ്ഞു വീണു മരിച്ചത്. ഇന്നു രാവിലെ ജോലിക്കിടെയാണ് സംഭവം. കോട്ടയം ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ആതുരസേവന രംഗത്തും കലാ, സാമൂഹ്യ രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഡോ. ശ്രീകുമാര്‍.
വൈകല്യരഹിത ഗ്രാമം സ്വപ്നം കാണുകയും അതിനായി ഹോമിയോപ്പതിയില്‍ പ്രത്യേക ചികിത്സാ രീതി ചിട്ടപ്പെടുത്തുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ. ശ്രീകുമാര്‍. പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിക്ക് പൂര്‍ണമായും കാഴ്ച്ച തിരികെ ലഭിക്കുന്നത് കാണാന്‍ ഏറെ മോഹിച്ചയാളായിരുന്നു ഡോക്ടര്‍. കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്തിനെ സമ്പൂര്‍ണ വൈകല്യ രഹിതമാക്കുകയായിരുന്നു ഡോക്ടറുടെ ആദ്യ ലക്ഷ്യം. ഡോക്ടറുടെ ചികിത്സാവിധിപ്രകാരം നിരന്തരമായി ചികിത്സ നേടിയ ഏകദേശം 325 രോഗികളില്‍ 320 പേരില്‍ പുരോഗതി കണ്ടെത്തിയിരുന്നു. വൈക്കം വിജയലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ഉദാഹരണം.
ഏകദേശം പത്തുമാസം നീണ്ടു നിന്ന ചികിത്സയ്ക്കൊടുവിലായിരുന്നു വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയത്. അന്ധരായ നാലുപേര്‍ക്ക് കാഴ്ച്ച തിരികെ നല്‍കാന്‍ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് കഴിഞ്ഞെങ്കിലും ഡോ.ശ്രീകുമാറിനെ പ്രശസ്തനാക്കിയത് വൈക്കം വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച്ച തിരികെ ലഭിച്ചുതുടങ്ങിയതോടെയായിരുന്നു. മക്കള്‍: അഭിരൂപ്, ധന്‍വിന്‍. സംസ്‌ക്കാരം ശനിയാഴ്ച രണ്ടിനു വീട്ടുവളപ്പില്‍ നടക്കും.
Post Your Comments