റാഞ്ചി•അന്യമതസ്ഥയായ പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ ഗ്രാമീണര്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
20 കാരനായ മൊഹമ്മദ് ശാലിക് എന്ന യുവാവാണ് കൊലചെയ്യപ്പെട്ടത്. ഗുംല പട്ടണത്തിലെ റാസാ കോളനിവാസിയായ മൊഹമ്മദ് അടുത്ത ഗ്രാമമായ സോസോയിലെ ഒരു ഹിന്ദു പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു.
ബുധനാഴ്ച, ഗുംല പട്ടണത്തില്‍ നടക്കുനന് രാമനവമി ചടങ്ങുകള്‍ക്കിടെ കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞ് പെണ്‍കുട്ടി യുവാവിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആരെങ്കിലും കണ്ടാല്‍ പ്രശ്നമാകുമെന്ന് ഭയന്ന മൊഹമ്മദ് ഒടുവില്‍ അവളെ കാണാന്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. തിരികെ പെണ്‍കുട്ടിയെ സ്കൂട്ടിയില്‍ അവളുടെ വീടിന് സമീപം ഇറക്കുകയും ചെയ്തു. എന്നാല്‍ ഇത് കണ്ട ഒരു സംഘം അയല്‍വാസികള്‍ യുവാവിനെ വളഞ്ഞു. തുടര്‍ന്ന് ഒരു മരത്തില്‍ കെട്ടിയിട്ട ശേഷം മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിച്ചു.
ഗുരുതരമായി പരിക്കേറ്റ മൊഹമ്മദിനെ ബന്ധുക്കളെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നേരത്തെ ഇരുവരോടും പരസ്പരം കാണരുതെന്നും ഗ്രാമത്തില്‍ വരരുതെന്നും അയല്‍വാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും കണ്ടാലറിയവുന്ന ഏതാനും പേര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഗുംല എസ്.പി ചന്ദന്‍ കുമാര്‍ ഝാ പറഞ്ഞു. കലാപ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments