അബുദാബി : അബുദാബിയില്‍ ഗാതാഗതക്കുരുക്ക് അഴിക്കാന്‍ പുതിയ സംവിധാനം. അബുദാബി മുനിസിപ്പല്‍ കാര്യ ഗതാഗത വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘പാര്‍ക്ക് ആന്‍ഡ് റൈഡ്’ സേവന പദ്ധതി വികസിപ്പിക്കുന്നത്. അബുദാബി പാര്‍ക്ക് ആന്‍ഡ് റൈഡ് പദ്ധതിപ്രകാരം, വാഹനസഞ്ചാരികള്‍ക്ക് സായിദ് സ്പോര്‍ട്സ് സിറ്റിയിലെ സുരക്ഷിതമായ പാര്‍ക്ക് ആന്‍ഡ് റൈഡ് സൈറ്റില്‍ അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സിറ്റി സെന്റര്‍ ഷട്ടില്‍ ബസ് സര്‍വീസില്‍ സൗജന്യയാത്ര തുടരാം. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ 600 പാര്‍ക്കിങ് ഇടങ്ങള്‍ അനുവദിച്ചിട്ടുണ്ട്. പാര്‍ക്ക് ആന്‍ഡ് റൈഡ് സേവനം പ്രയോജനപ്പെടുത്തുന്ന എല്ലാവര്‍ക്കും സൗജന്യമായി ഇവിടെ വാഹനം പാര്‍ക്ക് ചെയ്യാം. സൗജന്യ ബസ് യാത്രയ്ക്കുള്ള ടിക്കറ്റും എടുക്കാം. മൂന്നുപേര്‍ക്കുള്ള സൗജന്യ യാത്രാ ടിക്കറ്റാണ് ലഭിക്കുക.
അബുദാബി നഗരത്തിലെ പാര്‍ക്കിങ് സ്ഥല സൗകര്യ പ്രശ്നം പരിഹരിക്കാന്‍ സ്വന്തം വാഹനം സൗജന്യമായി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ പാര്‍ക്കു ചെയ്തു പൊതുവാഹനത്തില്‍ സൗജന്യയാത്ര തുടരാനുള്ള പ്രേരണയാണ് ഈ പദ്ധതിയിലൂടെ ഗതാഗത വകുപ്പ് ജനങ്ങള്‍ക്കു നല്‍കുന്നത്. തിരക്കേറിയ സമയത്ത് പാര്‍ക്ക് ആന്‍ഡ് റൈഡ് ഷട്ടില്‍ ബസുകള്‍ ഓരോ 15 മിനിറ്റ് ഇടവിട്ടും സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നിന്ന് അബുദാബിയിലേക്ക് ലഭ്യമാണ്. മറ്റു സമയങ്ങളില്‍ ഓരോ 30 മിനിറ്റിലും ബസ് പുറപ്പെടും.
സായിദ് സ്പോര്‍ട്സ് സിറ്റി, ഹെറിറ്റേജ് പാര്‍ക്ക്, കോര്‍ണിഷ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അറുനൂറിലധികം പ്രതിദിന ഉപയോക്താക്കളുമായി ഒന്‍പതു സ്ഥാപനങ്ങളാണ് സേവനം നിലവില്‍ നടപ്പാക്കുന്നത്. നഗരാതിര്‍ത്തിയില്‍ പാര്‍ക്കിങ് ആവശ്യം പരമാവധി കുറയ്ക്കുക, തിരക്കേറിയ സമയത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും തടസ്സവും ഒഴിവാക്കുക എന്ന ലക്ഷ്യവുമായാണ് പാര്‍ക്ക് ആന്‍ഡ് റൈഡ് സേവനം നടപ്പാക്കുന്നത്. ഈ ടിക്കറ്റിന്റെ സാധുത മുഴുവന്‍ ദിവസവും ലഭിക്കും. അബുദാബിയില്‍ പാര്‍ക്ക്-ആന്‍ഡ്-റൈഡ് പബ്ലിക് ബസുകളില്‍ ദിവസം മുഴുവനും സൗജന്യയാത്ര ചെയ്യാം. വൈഫൈ സൗകര്യമുള്ള ബസുകള്‍ രാവിലെ 6 മണി മുതല്‍ രാത്രി 8.30 വരെ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ചവരെയുള്ള ദിവസങ്ങളില്‍ ലഭ്യമാണ്.
Post Your Comments