കേരളത്തിലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് നാല് വാര്‍ത്തകള്‍ കൊണ്ടുവരട്ടെ. ഇന്നത്തെ പത്രത്തിലെ നാല് വാര്‍ത്തകളാണ് . അവയുടെ ഒരു വിശകലനവും പഠനവുമാണ് ലക്ഷ്യം. അത് സര്‍ക്കാരിനെ ബാധിക്കുന്നവയാണ് എന്ന് തോന്നിയതുകൊണ്ടാണ് ഇത്തരമൊരു ഉദ്യമത്തിന് മുതിര്‍ന്നത്.
ഒന്ന് : സുപ്രീം കോടതിവിധിയെ തുടര്‍ന്ന് പാതയോരത്തെ മദ്യശാലകള്‍ അടച്ചതിന്റെ ഫലമായി ബാക്കിയുള്ള മദ്യഷാപ്പുകളില്‍ വന്‍ ജനത്തിരക്ക്. പലയിടത്തും ക്രമസമാധാന പ്രശ്‌നമായി അത് മാറുന്നോ എന്ന സംശയം. അതെ സമയം മദ്യഷാപ്പുകള്‍ അടച്ചത് കേരളത്തിന്റെ സാമ്പത്തിക നില അവതാളത്തിലാക്കുമെന്നും ചുരുങ്ങിയത് 4,000 – 5,000 കോടിയുടെ വരുമാന നഷ്ടം ഈ സാമ്പത്തിക വര്‍ഷത്തിലുണ്ടാവുമെന്നും പദ്ധതികള്‍ വെട്ടിച്ചുരുക്കേണ്ടിവരുമെന്നും സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് പറയുന്നു. മദ്യഷോപ്പുകളും ബാറുകളും അടച്ചത് ടൂറിസം മേഖലയെ വല്ലാതെ ബാധിക്കുമെന്ന ആശങ്ക മറ്റുചിലര്‍ക്ക്. തോമസ് ഐസക്കിന്റെ കണക്കില്‍ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധിയും ഉള്‍പ്പെടുന്നുണ്ട് എന്നാണ് കരുതേണ്ടത്.
രണ്ട് : കേരളത്തിലെ കുമളിയിലെ ഒരു റിസോര്‍ട്ടില്‍ സിപിഎം ആഹ്വാനം ചെയ്ത പ്രകാരം ജീവനക്കാര്‍ സമരം ചെയ്തതും അവിടെ തങ്ങിയിരുന്ന എഴുപതോളം വിദേശ ടൂറിസ്റ്റുകളെ ബന്ദിയാക്കിയതും . റിസോര്‍ട്ടിലെ രണ്ടു ജീവനക്കാരെ മാനേജ്മന്റ് മറ്റൊരു റിസോര്‍ട്ടിലേക്കോ മറ്റോ സ്ഥലം മാറ്റിയതിന്റെ പേരിലാണത്രെ സിപിഎം യൂണിയന്‍ സമരം തുടങ്ങിയത്. തലേന്ന് തന്നെ അവിടെയെത്തി ക്യാമ്പ് ചെയ്തിരുന്ന വിദേശ സഞ്ചാരികള്‍ക്ക് ഒരു ദിവസം രാവിലെ മുതല്‍ വൈക്കീട്ട് വരെ പച്ചവെള്ളം കുടിക്കാന്‍ കൊടുത്തില്ല. അവരെ പട്ടിണിക്കിട്ടു. പുറത്തിറങ്ങാനും അനുവദിച്ചില്ല. ഇത് നടന്നത്, കുമിളിയില്‍; അതായത് ഗോഡ്സ് ഓണ്‍ കണ്‍ട്രിയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ തേക്കടിയില്‍.
മൂന്ന് : മൂന്നാറില്‍ ഭൂമികൈയേറ്റം; അവിടെ നടക്കുന്ന വിവാദങ്ങളും മറ്റും എവിടേക്കാണ് പോകുന്നത് എന്നതാണ് മറ്റൊന്ന്. ഇന്നിപ്പോള്‍ കടയടച്ചുകൊണ്ട് അവിടെ ഒരു സമരം നടക്കുന്നു, ബന്ദിന് സമാനം. കേരള ടൂറിസത്തിന്റെ മറ്റൊരു സുപ്രധാന കേന്ദ്രമാണ് മൂന്നാര്‍. അതിനെച്ചൊല്ലി നടക്കുന്ന വിവാദങ്ങള്‍ ആ നാടിന്റെ രക്ഷിക്കുകയാണോ അതോ തളര്‍ത്തുകയാണോ ചെയ്യുക?. മൂന്നാറിനെതിരായ ഒരു വലിയ ഗൂഡാലോചന പോലും നടക്കുന്നു എന്ന് സംശയിക്കേണ്ടുന്ന അവസ്ഥയുണ്ടാവുന്നില്ലേ?. അതിലും സര്‍ക്കാരിനും കേരളത്തിലെ പ്രധാനപ്പെട്ട ഭരണ കക്ഷികള്‍ക്കുമുള്ള റോള്‍ പറയേണ്ടതില്ലല്ലോ. ഇതൊക്കെ ടൂറിസത്തെ സഹായിക്കുമോ, അതോ ………?.
നാല് : ഇന്നലെ കൊച്ചിയില്‍ നടന്ന ഒരു സ്വീകരണ പരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പ്രസംഗം. സിനിമ നിര്‍മ്മാതാവും സംവിധായകനുമായ വിനയന് എ ഐ എസ്എഫ്, എ ഐ വൈ എഫ് എന്നിവരൊരുക്കിയ സ്വീകരണമാണത്. അവിടെ പ്രസംഗിക്കവെ കാനം രാജേന്ദ്രന്‍ ആഞ്ഞടിച്ചത് ‘കേരളത്തിലെ സിനിമ രംഗത്തെ ഫാഷിസത്തിനെതിരെ’യാണ്. സിനിമയിലെ മാടമ്പിമാരെ ആട്ടിയോടിക്കണമെന്നും അതിനു പോരാട്ടം ശക്തമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ‘ സാംസ്‌കാരിക രംഗത്തെ വിലക്കിനും ഗുണ്ടായിസത്തിനെതിരെ’യും കോംപെറ്റിഷന്‍ കമ്മീഷനില്‍ നിന്ന് വിധിനേടിയെടുത്ത വിനയനെ അനുമോദിക്കലാണ് സിപിഐ ഉദ്ദേശിച്ചത്. സുപ്രധാനമെന്ന് സിപിഐയും വിനയനുമൊക്കെ കരുതുന്ന ആ വിധിയെ തള്ളിപ്പറഞ്ഞത് സിനിമ രംഗത്തെ സിപിഎം വക്താക്കളാണ് എന്നതും മറന്നുകൂടാ. ‘സിനിമാ രംഗത്തെ ഫാഷിസം’ എന്ന് കാനം കുറ്റപ്പെടുത്തിയതും സിപിഎമ്മിനെ ഉദ്ദേശിച്ചാണ് എന്നതില്‍ സംശയമില്ല.
ഇത് നാലും തമ്മിലെന്താണ് ബന്ധം എന്ന് വേണമെങ്കില്‍ ചോദിക്കാം. പക്ഷെ, എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. കേരളത്തെ, കേരളത്തിന്റെ രാഷ്ട്രീയത്തെ, കേരളത്തിന്റെ സാംസ്‌കാരിക തനിമയെ, കേരളത്തിന്റെ ഭാവിയെ………… അലട്ടുന്നു, ബാധിക്കുന്നു എന്ന് തോന്നി. …….. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം എന്ന് കരുതിയത്.
ഓരോന്നായി പരിശോധിക്കാം. ശരിയാണ് സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് പൊതു നിരത്തിനു സമീപത്തെ മദ്യശാലകളും ബാറുകളും പൂട്ടിയത് . ഇടിവെട്ടുപോലെ ഉണ്ടായ പ്രതിസന്ധിയല്ല അത്. സുപ്രീം കോടതി ഇക്കാര്യത്തില്‍ വിധി പ്രസ്താവിച്ചത് ഏതാനും മാസം മുന്‍പാണ് . സുപ്രീം കോടതിവിധി ആയതിനാല്‍, കാര്യങ്ങള്‍ ഇനി അനുകൂലമാവാന്‍ ഇടയില്ല എന്ന് സാമാന്യേ സംസ്ഥാന സര്‍ക്കാറെങ്കിലും വിലയിരുത്തേണ്ടതായിരുന്നില്ലേ. ബാറുകാര്‍ക്കും മദ്യഷാപ്പുകാര്‍ക്കും പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ അവകാശമുണ്ട്. എന്നാല്‍ ഭരണകൂടത്തിന്റെ കാര്യത്തില്‍ അതല്ല സ്ഥിതി. നേരത്തെ തന്നെ പാതയോരത്തുള്ള മദ്യശാലകള്‍, സര്‍ക്കാര്‍ കോപ്പറേഷന്റെയും മറ്റും അധീനതയിലുള്ളതെങ്കിലും, മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതായിരുന്നില്ലേ?. അതിനായി വേണ്ടത്ര ഗൗരവതരമായ ശ്രമങ്ങള്‍ നടന്നില്ല എന്നല്ല; എന്നാല്‍ അതൊന്നും വേണ്ടപോലെ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിനായില്ല അല്ലെങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ക്കായില്ല. അതുകൊണ്ടാണല്ലോ ഇത്രയേറെ ഷോപ്പുകള്‍, ബാറുകള്‍, ഒറ്റയടിക്ക് അടച്ചുപൂട്ടേണ്ടി വന്നത്. അത് ഒരു സംശയവുമില്ല, ഭരണകൂടത്തിന്റെ വീഴ്ചതന്നെയാണ്.
മുന്‍പ് നോട്ട് റദ്ദാക്കല്‍ നടന്നപ്പോള്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച ഒരു സമീപനമുണ്ട്. പ്രശ്‌നങ്ങളെ നേരിടുന്നതിന് പകരം അതിനെ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരായ ഒരു രാഷ്ട്രീയായുധമാക്കാനുള്ള പരിശ്രമം. ഇതേ ധനകാര്യ മന്ത്രിയും സംസ്ഥാന ഭരണകൂടവും അന്നൊക്കെ സ്വീകരിച്ച നിലപാട് ഓര്‍ത്തുപോകുന്നു. വേണ്ടത്ര കരുതലില്ലാതെ, ആലോചനയില്ലാതെ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് എന്നായിരുന്നുവല്ലോ ആക്ഷേപം. കേരളത്തില്‍ അക്കാലത്ത് ട്രഷറികളിലും ബാങ്കുകളിലും മറ്റും വിവാദങ്ങളും തിരക്കും ഒക്കെ സൃഷ്ടിക്കാന്‍ ഇടതുപാര്‍ട്ടികളും അവരുടെ യൂണിയനുകളും നടത്തിയ ശ്രമങ്ങളും കണ്ടതാണ്. അതേസമയം മറ്റ് പല സംസ്ഥാനങ്ങളും ഈ പ്രതിസന്ധിയെ വേണ്ടവിധം തരണം ചെയ്തു. അതിനാവശ്യമായ നടപടികള്‍ അതാത് സംസ്ഥാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഇവിടെ പക്ഷെ സമരത്തിനാണ് സര്‍ക്കാരും ഭരണ മുന്നണിയും ശ്രമിച്ചത്. അവസാനം ജനങ്ങള്‍ ആരുടെ കൂടെയാണ് എന്ന് നാം കണ്ടു. യുപി പോലുള്ള ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍പോലും നോട്ട് നിരോധനം ബിജെപിക്ക് സഹായകരമാവുകയായിരുന്നുവല്ലോ.
നോട്ട് നിരോധനത്തിലെന്ന പോലെയാണ് ഇപ്പോള്‍ മദ്യത്തിന്റെ കാര്യത്തിലും സിപിഎം നിലപാടെടുക്കുന്നത്. വേണ്ടത് ചെയ്യാന്‍ ശ്രമിക്കുന്നില്ല, അല്ലെങ്കില്‍ അവിടെ പരാജയപ്പെടുന്നു. ആ പരാജയം മറയ്ക്കാനായി മറ്റ് പലതിനെയും ആക്ഷേപിക്കുന്നു. ഇവിടെ ഇന്നുള്ള മദ്യവില്പനശാലകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതും നടന്നില്ല. മറ്റ് പല സംസ്ഥാനങ്ങളും ഈ കോടതിവിധി തരണം ചെയ്യാനായി സ്വീകരിച്ച നടപടികള്‍ പത്രങ്ങളില്‍ കണ്ടുവല്ലോ. സംസ്ഥാന പാതകള്‍ റദ്ദാക്കളടക്കമുള്ളവയാണ് അതൊക്കെ. അവര്‍ അതിനൊക്കെ തയ്യാറെടുത്തിരുന്നു എന്നല്ലേ കരുതേണ്ടത്. ഇവിടെ അതൊക്കെ എളുപ്പമാവണമെന്നില്ല, പക്ഷെ ചിന്തിക്കാമായിരുന്നില്ലേ, ഗൗരവമായി?.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വിനോദസഞ്ചാര മേഖലക്കുള്ള പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. എത്രയോ ആയിരങ്ങളാണ് ‘ദൈവത്തിന്റെ സ്വന്തം നാടിനെ’ തേടി എത്തുന്നത്. ആ മേഖലയെ മദ്യനിരോധനവും മറ്റും ബാധിച്ചു എന്നതാണ് ആ രംഗത്തുള്ളവര്‍ പറയുന്നത്. മദ്യവും ടൂറിസവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്നത് പുതിയ പ്രസ്താവനയല്ല. സമാധാന അന്തരീക്ഷവും സൗഹൃദപരമായ സമീപനവുമൊക്കെ വിനോദ സഞ്ചാരമേഖലയുടെ വികാസത്തിന് അനിവാര്യമാണ്. ഇതെല്ലാം ഇന്ന് പ്രതിസന്ധിയിലാണ് എന്നതല്ലേ കാണിക്കുന്നത്. അതൊക്കെ ആരെങ്കിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് എങ്കില്‍ പോട്ടെ,നോക്കാം എന്ന് പറയാമായിരുന്നു. എന്നാല്‍, അതിലെല്ലാം മുഖ്യമന്ത്രിയുടെ കക്ഷിയുടെ കൈകള്‍ കണ്ടാലോ……… ഭരണ കക്ഷിയുടെ നേതാക്കള്‍ തന്നെ പ്രതിസന്ധി ഉണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയാലോ……….?.
അതാണ് കുമളി സംഭവത്തിന്റെ പ്രാധാന്യം. കുമളി എന്ന് പറയുന്നത് തേക്കടിയാണ്. ലോകം തിരിച്ചറിഞ്ഞിട്ടുള്ള കേരളത്തിലെ മൂന്നോ നാലോ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണിത്. അത്തരമൊരു സ്ഥലത്ത് എഴുപത് വിദേശ വിനോദ സഞ്ചാരികളെ ഒരു റിസോര്‍ട്ടില്‍ അല്ലെങ്കില്‍ ഒരു ഹോട്ടലില്‍ ഒരു നാള്‍ മുഴുവന്‍ ബന്ദികളാക്കിവെച്ചു എന്നത് ചെറിയ പ്രശ്‌നമാണോ?. അത് പുറം ലോകമറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രതികരണം എന്താവും?. വിദേശികളെ ബന്ദിയാക്കുന്നു എന്നുവന്നാല്‍ വിദേശ മന്ത്രാലയങ്ങള്‍ പോലും ഇടപെടാനുള്ള സാധ്യതയില്ലേ. അടുത്ത ദിവസമാണ് ആഫ്രിക്കക്കാരായ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ചെറിയ ആക്രമണം ദേശീയ ശ്രദ്ധയില്‍ വന്നത്. പാര്‍ലമെന്റില്‍ അതുന്നയിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ പോലും സിപിഎം അടക്കമുള്ള പ്രതിപക്ഷം അന്ന് തയ്യാറായതും കണ്ടു. അതുപോലെ കുമളിയിലെ ബന്ദിയാക്കല്‍ നമ്മുടെ ദേശീയ മാധ്യമങ്ങള്‍ ഏറ്റുപിടിക്കാത്തതും മറ്റും ഭാഗ്യമെന്നേ പറയേണ്ടൂ. അവിടെ സമരം ചെയ്തത് സിപിഎമ്മാണ്. അവരുടെ ആള്‍ക്കാരാണ് ആ വിദേശ സഞ്ചാരികളെ ബന്ദിയാക്കിയത്. ഇത് ഒരു ഭരണകക്ഷിയില്‍ നിന്ന് പ്രതീക്ഷിക്കാന്‍ പാടില്ലാത്തതാണ്. സിപിഎമ്മും മുഖ്യമന്ത്രിയും ഗൗരവത്തിലെടുക്കേണ്ടുന്ന വിഷയമാണിത് എന്ന് തോന്നി.
മറ്റൊന്ന് മൂന്നാറാണ്. വിനോദസഞ്ചാര ഭൂപടത്തില്‍ ആ മേഖലക്കുള്ള പ്രസക്തിയും പ്രാധാന്യവും പറയേണ്ടതില്ല. അവിടെനിന്നുള്ള വാര്‍ത്തകള്‍ ഇന്നിപ്പോള്‍ ഭൂലോകം മുഴുവന്‍ പരക്കുന്നു. ശരിയാണ്, കുറെ പ്രശ്‌നങ്ങള്‍ അവിടെയുണ്ട്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പക്ഷെ, അതിനൊക്കെ ഒരു പരിധി വേണ്ടേ. ഈ കയ്യേറ്റത്തിന്, തട്ടിപ്പിന് എവിടെയെങ്കിലും ഫുള്‍ സ്റ്റോപ്പ് ഇടണ്ടേ?. പലതും കാണുമ്പൊള്‍, കേള്‍ക്കുമ്പോള്‍ മൂന്നാറിനെ തകര്‍ക്കാന്‍ ആരെങ്കിലുമൊക്കെയൊ ശ്രമിക്കുന്നുണ്ടോ, അല്ലെങ്കില്‍ അച്ചാരം വാങ്ങിയിട്ടുണ്ടോ എന്നൊക്കെ സംശയം. സീസണ്‍ ആവുമ്പോഴാണ് ആ നാടിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയരുന്നത് എന്നതാണ് ചിലരെല്ലാം ചൂണ്ടിക്കാണിക്കുന്നത്. അത് പരിശോധിക്കപ്പെടേണ്ടുന്ന കാര്യമാണെന്ന് തോന്നുന്നു. ഈ സര്‍ക്കാര്‍ വിചാരിച്ചാല്‍ അവിടെ പലതും ചെയ്യാനാവും. മറ്റൊരു കക്ഷിക്കും സര്‍ക്കാരിനും ചെയ്യാനാവുന്നതിലുമേറെ ………. അതിനുതക്ക അന്തരീക്ഷം, സാഹചര്യങ്ങള്‍ ഇന്നുണ്ട്. ഇപ്പോഴത്തെ ദേവികുളം ആര്‍ഡിഓ ചെയ്തതെല്ലാം, സാധാരണനിലക്ക് , ഒരു ഭരണകൂടത്തിന് വഴികാണിക്കുന്നതാണ്. പക്ഷെ ഈ അനുകൂല സാഹചര്യത്തിലും കൈയേറ്റക്കാരുടെയും പരിസ്ഥിതിയെ നശിപ്പിക്കാനായി ഇറങ്ങിത്തിരിച്ചവരുടെയും വക്താക്കളാവാനാണ് ഭരണകൂടത്തിന്റെ മുന്‍നിരയിലുള്ള ചിലരെങ്കിലും തയ്യാറാവുന്നത് . കുമിളി സംഭവം പോലെ തന്നെ കേരളത്തിന്റെയും കേരളത്തിന്റെ വിനോദസഞ്ചാര സങ്കല്പങ്ങളെയും തച്ചുതകര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടുകൂടാ. നമ്മുടേത് ‘ദൈവത്തിന്റെ സ്വന്തംനാടാ’ണ് എന്നത് മറന്നുകൂടല്ലോ.
മുകളില്‍ സൂചിപ്പിച്ചതിന്റെയൊക്കെ കൂടെ ചിന്തിക്കേണ്ടുന്ന പ്രശ്‌നമാണ് നാലാമത്തേത്. കേരളത്തിലെ ‘ഫാഷിസ’ ത്തെക്കുറിച്ചാണത്. ആ ആക്ഷേപം ചെന്ന് തറക്കുന്നത് സിപിഎമ്മിലാണ് എന്നതും പ്രാധാന്യത്തോടെ കണക്കിലെടുക്കേണ്ടതാണല്ലോ. സിപിഐ സംസ്ഥാന സെക്രട്ടറിയാണ് അത് ഉന്നയിച്ചത് എന്നത് പ്രശ്നത്തിന്റ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. സാധാരണ നിലക്ക് ഫാഷിസം എന്ന പദപ്രയോഗം കഴിഞ്ഞ കുറേക്കാലമായി ഉപയോഗിക്കുന്നത് ആര്‍എസ്എസിനും ബിജെപിക്കും മാറ്റുമെതിരെയാണ്. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ ഫാഷിസത്തിന് സിപിഎം ബന്ധമാണുള്ളതെന്ന് കാനം രാജേന്ദ്രനെപ്പോലുള്ള ഒരാള്‍ പറയുന്നു. സിനിമ രംഗത്ത് അത് പ്രകടമാണ്. ട്രേഡ് യൂണിയന്റെ രൂപത്തിലും രാഷ്ട്രീയത്തിന്റെ പേരിലും അത് ഇവിടെ കാണാറുണ്ട്. അതൊക്കെയാണ് പലപ്പോഴും രാഷ്ട്രീയ കൊലപാതകങ്ങളില്‍ എത്തിച്ചേരുന്നത്. അതെ ഫാഷിസ്റ്റ് രീതിയാണ് നമ്മള്‍ ഇന്നലെ കുമളിയില്‍ കണ്ടത്. അതിന്റെ മറ്റൊരു പ്രതിരൂപമാണ് ഇന്നിപ്പോള്‍ മൂന്നാറില്‍ കാണിച്ചുതരുന്നത്. ഇത് തീര്‍ച്ചയായും സിപിഎം കണക്കിലെടുക്കേണ്ട കാര്യമാണല്ലോ. ഇതിന്റെയെല്ലാത്തിന്റെയും ആകെത്തുകയാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നവും.
ഇന്നിപ്പോള്‍ കുമളിയില്‍ ക്രമസമാധാന പ്രശ്‌നമുണ്ടായി. മൂന്നാറിലെ ക്രമസമാധാന പാലനം എന്നും തലവേദനയാണ്. ഏറ്റവുമൊടുവില്‍ കേരളത്തിലെ ഓരോ മദ്യഷാപ്പിന് മുന്നിലും ക്രമസമാധാന പ്രശ്‌നമുണ്ടാവുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. മണിക്കൂറുകളാണ് ആളുകള്‍ ഒരു കുപ്പി മദ്യത്തിനായി ക്യൂവില്‍ നില്‍ക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കാനും മറ്റും വിശാലമനസ്‌കരായ നാട്ടുകാര്‍ എത്തുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നത്തെ നിലക്ക് ഇതിനൊക്കെ സര്‍ക്കാറല്ലെങ്കില്‍ പിന്നെ മറ്റാരാണ് ഉത്തരവാദി. അതിന്റെ പേരില്‍ സുപ്രീംകോടതിക്ക് മുന്നില്‍ സമരം ചെയ്യാന്‍ തയ്യാറാവണമെന്നാവും ഒരുപക്ഷെ സിപിഎം ചിന്തിക്കുക. അതാണല്ലോ ശീലം. മുന്‍പ് നോട്ടു റദ്ദാക്കിയപ്പോള്‍ റിസര്‍വ് ബാങ്കിനുമുന്നില്‍ സമരം നടത്തിയതോര്‍ത്തുപോയതാണ്. ഒരു പ്രതിസന്ധി മുന്‍കൂട്ടി കണ്ടുകൊണ്ടു നടപടി സ്വീകരിക്കലാണ് ഏതൊരു ഭരണകൂടത്തിന്റെയും വിജയം. അത് മന്ത്രിമാരുടെയോ മന്ത്രിസഭയുടെയോ മാത്രം ഉത്തരവാദിത്വമാണ് എന്ന് കുറ്റപ്പെടുത്തുകയല്ല, ഉദ്യോഗസ്ഥരുടെ മികവ് കാണേണ്ടതും അവിടെയാണ്. ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിന്റെ കുറവും കഴിവുകേടും സര്‍ക്കാരിനെ ബാധിക്കുകതന്നെ ചെയ്യുമല്ലോ. മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്നതാണല്ലോ ഈ ഭരണകൂടം.
Post Your Comments